നിലക്കലിൽ പുതുതായി 7 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾകൂടി
print edition ശബരിമലയിൽ സുഗമദർശനം ; തിരക്ക് നിയന്ത്രണവിധേയം

ശബരിമല സന്നിധാനത്ത് കുട്ടികളുമായെത്തിയ തീർഥാടകർ ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ

സി ജെ ഹരികുമാർ
Published on Nov 19, 2025, 03:38 AM | 1 min read
ശബരിമല
ശബരിമല സന്നിധാനത്ത് ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഉണ്ടായ തിരക്ക് നിയന്ത്രണവിധേയമായി. വൈകിട്ടോടെ സന്നിധാനത്ത് സുഗമദർശനത്തിനു ശേഷം തീർഥാടകർ സംതൃപ്‌തിയോടെ മലയിറങ്ങി. നിയന്ത്രണങ്ങളും നിർദേശങ്ങളും മറികടന്ന് വനത്തിനുള്ളിലൂടെ ബുക്കിങ് ഇല്ലാതെ വന്നതും ചില ഭക്തർ ക്യൂ മറികടക്കാൻ ശ്രമിച്ചതുമാണ് തിരക്ക് അനുഭവപ്പെടാനിടയാക്കിയത്.
ഇതെ തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ കുറ്റമറ്റ ക്രമീകരണമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. സ്‌പോട്ട് ബുക്കിങ് 20,000 തീർഥാടകർക്ക് മാത്രമാക്കും. കൂടുതലായി എത്തുന്നവർക്ക് അടുത്തദിവസം ദർശനത്തിന് ക്രമീകരണമൊരുക്കും. തീർഥാടകർക്ക് തങ്ങാൻ നിലക്കലിൽ സംവിധാനമൊരുക്കും.
മരക്കൂട്ടം–ശരംകുത്തി–സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സിൽ വിശ്രമിക്കുന്നവർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്‌ടമാകില്ല. കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും പുറമെ ചുക്കുകാപ്പിയും നൽകും. കൂടുതൽ ജീവനക്കാരെ ഇതിന് നിയോഗിച്ചു. ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിൽ തീർഥാടകർക്ക് മടങ്ങിപ്പോകാൻ നിലക്കലിൽനിന്ന് പമ്പയിലേക്ക് പ്രവേശനം ക്രമീകരിക്കും. വരിനിൽക്കുന്ന തീർഥാടകർക്ക് കുടിവെള്ളം എത്തിക്കും. തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വ മാത്രം സ്‌പോട്ട് ബുക്കിങ്ങിലൂടെ 37,000പേരെത്തി. സാധാരണ ബുക്കിങ്ങിലൂടെയെത്തിയ 70,000 തീർഥാടകരും വൈകിയെത്തിയവരും കൂടിയായതോടെ ശബരിമല അൽപ്പസമയം വീർപ്പുമുട്ടി. തിരക്ക് കൂടിയതോടെ പകൽ നടയടയ്‌ക്കുന്നത് ഒരു മണിക്കൂർ വൈകിച്ച് കൂടുതൽ സമയം ദർശനത്തിന് ക്രമീകരണമൊരുക്കി. വൈകിട്ട് അഞ്ചോടെ തിരക്ക് കുറഞ്ഞു.
ഇലവുങ്കലിലും നിലക്കലിലും വാഹനങ്ങൾ ക്രമീകരിച്ചു. പമ്പയിൽനിന്ന് ചൊവ്വാഴ്‌ച കെഎസ്‌ആർടിസി കൂടുതൽ സർവീസ് നടത്തി. 1,10,000 പേർ ചൊവ്വ വൈകിട്ട് ആറുവരെ സന്നിധാനത്തെത്തി. ശബരിമലയ്‌ക്ക് ഉൾക്കൊള്ളാവുന്നത് 90,000 തീർഥാടകരാണെന്നാണ് ദേവസ്വം ബോർഡും പൊലീസും കണക്കാക്കുന്നത്.









0 comments