ആവശ്യത്തോട്‌ നേരിട്ട്‌ ഇതുവരെ കേന്ദ്രസർക്കാർ 
പ്രതികരിച്ചിട്ടില്ല

print edition ഷെയ്‌ഖ്‌ ഹസീനയെ വിട്ടുകിട്ടണമെന്ന്‌ ബംഗ്ലാദേശ്‌ ; ഇന്ത്യക്ക് നയതന്ത്ര വെല്ലുവിളി

sheikh hasina
വെബ് ഡെസ്ക്

Published on Nov 19, 2025, 04:11 AM | 1 min read


ന്യൂഡൽഹി

ധാക്കയിലെ അന്താരാഷ്‌ട്ര ട്രിബ്യൂണൽ വധശിക്ഷ വിധിച്ചതോടെ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട്‌ ഏതുവിധം പ്രതികരിക്കണമെന്നത്‌ മോദി സർക്കാരിന്‌ നയതന്ത്ര വെല്ലുവിളി. ഹസീനയെ വിട്ടുകിട്ടണമെന്ന്‌ മുഹമദ്‌ യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറൽ കരാറുള്ളതിനാൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട വ്യക്തിയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാട്‌ പ്രധാനം.


അടുത്ത ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഹസീനയുടെ കാര്യത്തിലെ മോദി സർക്കാരിന്റെ തീരുമാനത്തിന്‌ രാഷീട്രീയ പ്രാധാന്യമേറെ. വധശിക്ഷ വിധിച്ച സാഹചര്യത്തിൽ ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാനെയും അടിയന്തരമായി വിട്ടുനൽകണമെന്ന്‌ ബംഗ്ലാദേശ്‌ വിദേശമന്ത്രാലയമാണ്‌ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്‌. നിലവിലെ ഉടമ്പടി പ്രകാരം കൈമാറ്റം നിർബന്ധമായ കടമയാണെന്നും ഹസീനയ്‌ക്ക്‌ അഭയമൊരുക്കുന്നത്‌ ഏത്‌ രാജ്യമാണെങ്കിലും അത്‌ അങ്ങേയറ്റം ശത്രുതാപരമായ നടപടിയായിരിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞിട്ടുണ്ട്‌.


ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീഗിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ നിലവിലെ യൂനുസ്‌ സർക്കാർ പ്രവർത്തിക്കുന്നത്‌. ബംഗ്ലാദേശ്‌ നാഷണൽ പാർടിയും തീവ്രമതസംഘടനയായ ജമാഅത്തെ ഇസ്ലാമിയും ഇതിനായി സമ്മർദം തുടരുന്നുണ്ട്‌. ട്രിബ്യൂണലിന്റെ വേഗത്തിലുള്ള വിചാരണയും ശിക്ഷാവിധിയുമെല്ലാം ഇതിന്റെ ഭാഗം. അതുകൊണ്ടുതന്നെ നിലവിൽ ഹസീനയെ വിട്ടുനൽകുന്നത്‌ ബംഗ്ലാദേശിലെ മതതീവ്രവാദികൾക്കാകും ഗുണം ചെയ്യുക.


ബംഗ്ലാദേശ്‌ വിദേശമന്ത്രാലയത്തിന്റെ പ്രസ്‌താവനയോട്‌ കരുതലോടെയാണ്‌ ഇന്ത്യയുടെ വിദേശമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്‌. വിധി ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ബംഗ്ലാദേശ്‌ ജനതയുടെ ഉത്തമ താൽപ്പര്യങ്ങളോട്‌ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌. വിഷയവുമായി ബന്ധപ്പെട്ട്‌ ബംഗ്ലാദേശ്‌ അധികൃതരുമായി ക്രിയാത്‌മകമായ ആശയവിനിമയം നടത്തുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ഖേദം പ്രകടിപ്പിച്ച്‌ യുഎൻ

സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയെന്നാരോപിച്ച്‌ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയ്‌ക്ക്‌ വധശിക്ഷ വിധിച്ച ബംഗ്ലാദേശിലെ അന്താരാഷ്‌ട്ര ട്രിബ്യൂണൽ നടപടിയിൽ ഖേദം പ്രകടിപ്പിച്ച്‌ ഐക്യരാഷ്‌ട്ര സംഘടന. ഏത്‌ സഹചര്യത്തിലും വധശിക്ഷയെ യുഎൻ അംഗീകരിക്കുന്നില്ല.


ഷെയ്‌ഖ അഹസീനയുടെ അസാന്നിധ്യത്തിലുള്ള വിചാരണയിൻമേലുള്ള വധശിക്ഷ ന്യായമോ നീതിയുക്തമോ അല്ലെന്ന്‌ ആംനെസ്‌റ്റി ഇന്റർനാഷണൽ പ്രസ്‌താവനയിൽ പറഞ്ഞു. ട്രിബ്യൂണൽ ഇക്കാര്യത്തിൽ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ന്യുയോർക്ക്‌ ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്‌സ്‌ വാച്ച് കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home