print edition ‘സിബിഐ രാഷ്‌ട്രീയപ്പോരിന് ഇറങ്ങരുത് ’ ; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡൽഹി
സുപ്രീംകോടതിയിൽ വീണ്ടും നാണംകെട്ട് സിബിഐ. ജാർഖണ്ഡ് നിയമസഭയിൽ ജീവനക്കാരെ അനധികൃതമായി നിയമിച്ചെന്നാരോപിച്ച് സിബിഐ രജിസ്റ്റർചെയ്‌ത കേസിൽ പ്രാഥമികാന്വേഷണം നടത്താനുള്ള അപേക്ഷ തള്ളിയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് സിബിഐയെ രൂക്ഷമായി വിമർശിച്ചത്.
‘ഇത്തരം അപേക്ഷ അനുവദിക്കാനാകില്ല. എന്തിനാണ് സിബിഐ സംവിധാനങ്ങൾ രാഷ്‌ട്രീയപ്പോരിൽ ഉപയോഗിക്കുന്നത്. ഇത് പലവട്ടം ഞങ്ങൾ ആവർത്തിച്ചതാണ്.’ –ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് തുറന്നടിച്ചു. ‘ഇൗ വിഷയത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല’ എന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞപ്പോൾ, മുന്പ് അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നല്ലേ അതിനർഥമെന്ന് ജാര്‍ഖണ്ഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. ജാർഖണ്ഡിൽ മാത്രമല്ല, പശ്ചിമ ബംഗാളിലും മറ്റിടങ്ങളിലും സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബൽ പറഞ്ഞു.
നിയമസഭയിലേക്ക് ക്രമവിരുദ്ധ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടന്നെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ 2024ൽ ജാർഖണ്ഡ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് സുപ്രീംകോടതി സ്റ്റേചെയ്‌തു. കുറ്റകൃത്യം നടക്കുകയോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത വിഷയത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് ജാര്‍ഖണ്ഡിന്റെ വാദം.
രാഷ്‌ട്രീയം കളിക്കുന്ന സിബിഐ ആരും വിശ്വസിക്കാത്ത അന്വേഷണ ഏജന്‍സിയായി മാറിയെന്നും കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിലെ കേസ് പരിഗണിക്കവെ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് വിമര്‍ശിച്ചി രുന്നു.









0 comments