print edition കേച്ചേരി–അക്കിക്കാവ് ബൈപാസ് ; നാടിനെ മാറ്റിയ റോഡ്

കെ എൻ സനിൽ
Published on Nov 19, 2025, 02:47 AM | 1 min read
തൃശൂർ
ഒരു റോഡ് നാടിനെ മാറ്റിയ കഥയാണ് കേച്ചേരി–അക്കിക്കാവ് ബൈപാസിന് പറയാനുള്ളത്. തൃശൂർ– കോഴിക്കോട് റൂട്ടിൽ സഞ്ചരിക്കുന്നവരുടെ പ്രിയപ്പെട്ട യാത്രാമാർഗമായി ഇൗ റോഡ് മാറി. എയ്യാൽപാടം സന്ധ്യാസമയത്ത് വിനോദസഞ്ചാരികളുടെ ഇഷ്‌ടതാവളമാണ്. അവധിദിവസങ്ങളിൽ കുടുംബങ്ങൾ ഒഴിവുസമയം ചെലവിടുന്ന കേന്ദ്രമാണിപ്പോൾ– കേച്ചേരിയിൽ വർക്‌ഷോപ് നടത്തുന്ന വില്ല്യംസ് പറഞ്ഞു.
ചിറനല്ലൂർ മുതൽ ചെമ്മന്തിട്ട വരെയുള്ള ഭാഗങ്ങളിൽ പുതിയ ബിസിനസുകൾ വന്നു. ബൈപാസിനപ്പുറം ഇവിടം ഒരു തൊഴിൽകേന്ദ്രമായി മാറി– സംരംഭകനായ ചിറനല്ലൂർ തെരുവത്ത് ഹക്കീം ചൂണ്ടിക്കാട്ടുന്നു.

ഹക്കീം / വില്ല്യംസ്
മാലിന്യം തള്ളി ദുർഗന്ധപൂരിതമായ പ്രദേശമായിരുന്നു ഇവിടെ പല ഭാഗങ്ങളും. രാത്രി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രവും. കുന്നംകുളം വഴിയുള്ള വാഹനപ്പെരുപ്പം നിയന്ത്രിക്കുന്നതിനും തൃശൂർ–കോഴിക്കോട് യാത്രാസമയം കുറയ്ക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലാണ് റോഡ് യാഥാർഥ്യമാക്കിയത്. 2020 ഫെബ്രുവരി 15ന് ഭരണാനുമതിയായി. 2024 ജനുവരിയിൽ പണിയാരംഭിച്ച് 2025 ജൂലൈയിൽ നിർമാണം പൂർത്തിയാക്കി ഒക്ടോബർ 27ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു.
മൊത്തം 9.88 കിലോമീറ്ററാണ് ബൈപാസിന്. തൃശൂർ കോഴിക്കോട് റൂട്ടിൽ നാലുകിലോമീറ്റർ കുറഞ്ഞു. കിഫ്‌ബിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് 12 മീറ്റർ വീതിയിലാണ് 54.61 കോടി രൂപ ചെലവിട്ട് പണി പൂർത്തിയാക്കിയത്. 1.90 കിലോമീറ്റർ നീളത്തിൽ വയലിനു നടുവിലൂടെ യാത്ര. ജിയോ സെൽ–ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ റോഡാണിത്. കുന്നംകുളം എംഎൽഎ എ സി മൊയ്‌തീന്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുപ്പ് വേഗത്തിൽ നടപ്പാക്കി.









0 comments