print edition കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന : മുഖ്യമന്ത്രി

തിരുവനന്തപുരം
അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത് 2021ൽ ജനങ്ങൾ എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും. തൊട്ടുപിന്നാലെ യുഡിഎഫ് വരുന്നതോടെ അധോഗതിയിലേക്ക് പോകും. അതിനാണ് 2021ൽ മാറ്റമുണ്ടായതെന്നും തിരുവനന്തപുരം കോർപറേഷനിലെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
2006–11ൽ എൽഡിഎഫ് സർക്കാർ എല്ലാ മേഖലയിലും പുരോഗതിയുണ്ടാക്കി. 2011–16ൽ കേരളത്തിന്റെ അഭിമാനസ്‌തംഭമായ മേഖലകളടക്കം പിറകോട്ടുപോയി. യുഡിഎഫ് തകർത്ത ഭാഗങ്ങൾ പരിഹരിക്കലാണ് തുടർന്ന് എൽഡിഎഫ് വരുമ്പോൾ ഏറ്റെടുക്കേണ്ട പ്രധാന പണി. 2021ൽ എൽഡിഎഫ് അല്ല അധികാരത്തിൽ വന്നതെങ്കിൽ നേടിയ നേട്ടങ്ങളിലും പിറകോട്ടുപോകുമായിരുന്നു. അത് സംഭവിച്ചില്ല എന്നുമാത്രമല്ല, ലോകത്തെ മലയാളികൾക്കാകെ അഭിമാനിക്കാവുന്ന അതിദാരിദ്ര്യമുക്ത അവസ്ഥയിലേക്ക് എത്താനും കഴിഞ്ഞു. ഇൗ വികസനത്തിന് തുടർച്ചയുണ്ടാകണമെന്നും അതിന് എൽഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments