'കൈയോടെ കൈപ്പറ്റി' പുരസ്‌കാരം

ജില്ലാപഞ്ചായത്ത് കീഴ്‌മാട് ഡിവിഷനിൽ വേണ്ടപ്പെട്ട ഒരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമാത്രമേ ഡിസിസി പ്രസിഡന്റിന് ഓർമയുള്ളൂ. പിന്നെ കാർട്ടൂണുകളിലൊക്കെ കാണുന്നതുപോലുള്ള നാലഞ്ചു നക്ഷത്രങ്ങൾ തലയ്‌ക്കുമീതെ ചുറ്റിത്തിരിയുന്ന ഫീൽ ആയിരുന്നു. നേരം പരപരാ ഇരുട്ടിയിരുന്നല്ലോ. തൊട്ടുപിന്നാലെ ജില്ലയിലെ കെപിസിസി നേതാക്കളിലൊരാൾ തിടുക്കത്തിൽ ചൈതന്യയുടെ പടിയിറങ്ങിപ്പോകുന്നത് പലരും കണ്ടെന്ന് കേൾവി. വൈകാതെ ചാനലിൽ ബ്രേക്കിങ്ങും വന്നു. ഡിസിസി പ്രസിഡന്റ് കെപിസിസി നേതാവിനാൽ പുരസ്‌കൃതനായി എന്ന്. മിനുട്ടുകൾക്കകം ചാനൽ ബ്രേക്കിങ് അപ്രത്യക്ഷമായതിനാൽ ഉറപ്പിക്കാം, ഡിസിസി പ്രസിഡന്റ് പതിവുപോലെ ആ പുരസ്‌കാരവും ഏറ്റുവാങ്ങിയെന്ന്.
മുന്പ് തൃക്കാക്കരയിലെ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതുപോലൊരു പുരസ്‌കാരം ചൈതന്യയിൽ വന്ന് പ്രസിഡന്റിനെ നേരിട്ട് ഏൽപ്പിച്ചിട്ടുള്ളത്. അന്ന് ആറ് യൂത്തന്മാരെ സസ്‌പെൻഡ് ചെയ്‌ത് ഡിസിസിയുടെ മാനം കാത്തു. കീഴ്‌മാട് വിഷയത്തിൽ അതിന്റെ ആവശ്യമില്ല എന്ന് പ്രസിഡന്റിന് ആശ്വസിക്കാം. സസ്‌പെൻഷന് കാക്കാതെതന്നെ പലരും രാജി എഴുതി കൈയിൽ പിടിച്ചിരിക്കുകയാണ്. കെട്ടിയിറക്കിയ സ്ഥാനാർഥിയെ പിൻവലിച്ചില്ലെങ്കിൽ ഇവരെല്ലാം കൂട്ടത്തോടെ ഡിസിസിയിലേക്ക് മാർച്ച് ചെയ്യുമെന്നാണ് ഭീഷണി. സ്വന്തം അനുയായികളുടെ കൈയിൽനിന്ന് വാങ്ങിക്കൂട്ടുന്നതിന്റെ സുഖം അറിയാവുന്നതിനാൽ ഡിസിസി ഒരുപൊടിക്ക് ഇറങ്ങാനാണ് സാധ്യതയെന്ന് കേൾക്കുന്നു.








0 comments