പ്രകൃതി ദുരന്തത്തിൽപ്പെടുന്നവർക്ക് തുണയായി അഭയകേന്ദ്രം

പി വി ബിമൽകുമാർ
Published on Nov 19, 2025, 12:26 AM | 1 min read
കൊടുങ്ങല്ലൂർ
അടിക്കടിയുണ്ടാകുന്ന കടലാക്രമണം ദുരിതം സൃഷ്‌ടിക്കുന്ന കൊടുങ്ങല്ലൂരിന്റെ തീരദേശത്തിന് ആശ്വാസമാകുകയാണ് അഴീക്കോട് മള്‍ട്ടി പര്‍പ്പസ് സൈക്ലോ ണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം. പ്രകൃതി ദുരന്തങ്ങളില്‍ വിഷമഘട്ടത്തിലാകുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍കാലിക സംവിധാനമാണിത്. നൂറു കണക്കിന് വീടുകളാണ് മേഖലയിൽ കടലാക്രമണങ്ങളിൽ തകർന്നത്. ഏക്കറുകണക്കിന് തീരം തിരയെടുക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യ മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം ആരംഭിച്ചത്. മൂന്നരക്കോടി രൂപ ചെലവിട്ടാണ് എറിയാട് പഞ്ചായത്തിലെ അഴീക്കോട് വില്ലേജ് ഓഫീസിന്റെ 20 സെന്റ് സ്ഥലത്ത് അഭയകേന്ദ്രം നിര്‍മിച്ചത്. ചുഴലിക്കാറ്റ്, കടലേറ്റം, പ്രളയം എന്നിവയിൽനിന്ന് എത്രയും വേഗം ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം നിർമിച്ചത്. ലോക ബാങ്ക് സഹായവും ലഭിച്ചു. അടിയന്തരഘട്ടങ്ങളില്‍ 700 മുതല്‍ 1000 പേര്‍ക്ക് വരെ ഇവിടെ താമസിക്കാം. 7500 ചതുരശ്രയടിയിൽ മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്റെ എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യം, പൊതുഅടുക്കള, ജനറേറ്ററുകള്‍ എന്നിവയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.









0 comments