സീറ്റ് വിറ്റു ; ഡിസിസി നേതൃത്വത്തിന് എതിരെ പടയൊരുക്കം

കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പേമെന്റ് സീറ്റ് ആരോപണവും വിമതഭീഷണിയും. ജില്ലാപഞ്ചായത്ത് കീഴ്‌മാട് ഡിവിഷനിൽ ഉൾപ്പെടെ കാശുവാങ്ങിയാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് കോൺഗ്രസിനുള്ളിൽനിന്നുതന്നെയാണ് ആരോപണമുയർന്നിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടുത്ത അനുയായിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമാണ് പ്രതിക്കൂട്ടിൽ. കോർപറേഷനിലും നഗരസഭകളിലും ത്രിതലപഞ്ചായത്തുകളിലും ഉൾപ്പെടെ സ്ഥാനാർഥിനിർണയം കടുത്ത അതൃപ്‌തിയുണ്ടാക്കിയതിന് പിന്നാലെയാണ് സീറ്റ് കച്ചവടവിവാദം ഉയർന്നിട്ടുള്ളത്.
കീഴ്‌മാട് വിഷയം മുൻനിർത്തി വിവിധ പഞ്ചായത്തുകളിലെ കോൺഗ്രസ് സ്ഥാനാർഥികളും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ കെപിസിസിക്ക് പരാതി നൽകിയിരുന്നു. അവർ രാജി ഭീഷണിയും പിന്മാറ്റഭീഷണിയും ഉയർത്തിയിട്ടുണ്ട്. കീഴ്മാട് സ്ഥാനാർഥിനിർണയത്തിലെ തർക്കം തീർക്കാൻ ഡിസിസിയോടുതന്നെ ആവശ്യപ്പെട്ടിരിക്കുകയാണ് കെപിസിസി.
തർക്കം പരിഹരിക്കാൻ കഴിഞ്ഞദിവസം ഡിസിസി പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ബെന്നി ബെഹനാൻ എംപി ഇറങ്ങിപ്പോയിരുന്നു. എ ഗ്രൂപ്പിലെ ഷമീർ തുകലിലിനെ സ്ഥാനാർഥിയാക്കണമെന്നാണ് ബെന്നി ബെഹനാൻ, ബി എ അബ്ദുൾ മുത്തലിബ്, വി പി സജീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സതീശനും മുഹമ്മദ് ഷിയാസും ഇത് തള്ളി പി എ മുക്താറിന് സീറ്റ് നൽകി. ഡിസിസിയുടെ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടിൽ തുടരുന്ന സതീശൻ, മുക്താറിനോട് പ്രചാരണം തുടങ്ങാനും നിർദേശിച്ചു. മുക്താർ, ടി എച്ച് മുസ്തഫയുടെ ഖബറിടത്തിൽ എത്തിയശേഷം പ്രചാരണപരിപാടികൾ തുടങ്ങിയത് എ വിഭാഗത്തെ കൂടുതൽ പ്രകോപിതരാക്കി. ടി എച്ച് മുസ്തഫയുടെ സഹോദരനും ഡിസിസി സെക്രട്ടറിയുമായ ടി എച്ച് അബ്ദുൾ ജബ്ബാർ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം തള്ളി. ഇതിലും പ്രതിഷേധമുണ്ട്.
പുല്ലുവഴി ജില്ലാ ഡിവിഷനിലും തർക്കം തുടരുകയാണ്. കൂവപ്പടി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ബേസിൽ പോളിനെ തള്ളി കെഎസ്‌യു സംസ്ഥാന സെക്രട്ടറി മുബാസ് ഓടക്കാലി സീറ്റ് തരപ്പെടുത്തിയതാണ് ഇവിടെ കലഹത്തിനിടയാക്കിയത്. ബേസിൽ പോൾ കെപിസിസിക്ക് പരാതി നൽകി. കൊച്ചി കോർപറേഷനിലും ഷിയാസും സതീശനും തന്നിഷ്ടപ്രകാരം സ്ഥാനാർഥികളെ നിശ്ചയിച്ചെന്നും പേമെന്റ് ഡീൽ നടന്നെന്നും പരാതി ഉയർന്നിട്ടുണ്ട്.








0 comments