ഇടിയഞ്ചിറ റെഗുലേറ്റര്‍ നിര്‍മാണം ഫെബ്രുവരിയോടെ പൂർത്തിയാക്കും

തൃശൂർ
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുരോഗമിക്കുന്ന ഇടിയഞ്ചിറ റെഗുലേറ്ററിന്റെ പുനരുദ്ധാരണ പ്രവൃത്തികളും വളയം ബണ്ടിന്റെ നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദേശം. നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനായി താൽക്കാലിക ബണ്ടിന്റെ നിര്‍മാണ പ്രവൃത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. റെഗുലേറ്ററിന്റെ പ്രവൃത്തികളുടെ ഭാഗമായ ഷട്ടറിന്റെ പുനഃസ്ഥാപനം അടുത്ത ആഴ്ച തന്നെ തുടങ്ങണം. മറ്റ് പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. റെഗുലേറ്ററിന്റെ ഡൗണ്‍സ്ട്രീമിലെ താൽക്കാലിക ബണ്ടിന്റെ പ്രവൃത്തി അടുത്ത ആഴ്ചയില്‍ ആരംഭിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിലവിലെ പുരോഗതി അനുസരിച്ച് റെഗുലേറ്ററിന്റെ മുഴുവന്‍ നിര്‍മാണ പ്രവർത്തനങ്ങളും ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാകും. പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനുമായി സബ് കലക്ടറെ ചുമതലപ്പെടുത്തി. സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എൻജിനിയര്‍ പി സിനി, ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയര്‍ ജൂഹി സിംഗ്, അസിസ്റ്റന്റ് എൻജിനിയര്‍ ഉണ്ണിക്കൃഷ്ണന്‍, അസിസ്റ്റന്റ് എൻജിനിയര്‍ സി അതുൽ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായി.







0 comments