താളം തല്ലി കലയോളങ്ങൾ

ഇരിങ്ങാലക്കുട
കലയുടെ കണ്ണഞ്ചിപ്പിക്കുന്ന കൗമാരക്കുടകള്‍ ചൂടി ഇരിങ്ങാലക്കുട. റവന്യൂ ജില്ലാ കലോത്സവത്തിന്റെ രണ്ടാംനാളില്‍ കലയുടെ മാധുര്യവും ആവേശച്ചുവടുകളും നിറഞ്ഞ കലയോളത്തില്‍ ഇരിങ്ങാലക്കുട മതിമറന്നു. മൈലാഞ്ചിച്ചോപ്പും ഇശലുകളുമായി മൊഞ്ചത്തികള്‍ ആവേശം വാനോളമുയര്‍ത്തി. ചവിട്ടുനാടകവും കേരളനടനവും കലയുടെ മാസ്‌മരിക കാഴ്ചകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി. സാമൂഹ്യവിഷയങ്ങള്‍ കത്തിക്കയറിയ മോണോആക്ടും സദസ്സിനെ വിസ്മയിപ്പിച്ച പരിചമുട്ടും രണ്ടാംദിനത്തെ കൂടുതല്‍ സമ്പന്നമാക്കി. പണിയനൃത്തവും ഇരുളനൃത്തവും അതിന്റെ ലാളിത്യത്തില്‍ ശ്രദ്ധേയമായി. സംഗീതസാന്ദ്രമാക്കാന്‍ ശാസ്ത്രീയസംഗീതവും ഓടക്കുഴലും ട്രിപ്പിള്‍ ജാസും ബാന്‍ഡ്‌മേളവും മത്സരിച്ചു. മൂന്നാംദിനം വ്യാഴാഴ്ച കലയുടെ അതിശയക്കാഴ്ചകളാണ് ഒരുങ്ങുന്നത്. തിരുവാതിരക്കളിയും ഭരതനാട്യവും നാടകവും അരങ്ങിലെത്തും. നാടന്‍പാട്ടും കാണികള്‍ക്ക് വിരുന്നാകും. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നടന്‍ ജയരാജ് വാര്യര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി എം ബാലകൃഷ്ണന്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. കൂടിയാട്ട കലാകാരന്‍ വേണുജി, കലാനിലയം രാഘവനാശാന്‍, സദനം കൃഷ്ണന്‍കുട്ടി, അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍, സംവിധായകന്‍ പ്രേംലാല്‍, കവിത ബാലകൃഷ്ണന്‍, രേണു രാമനാഥന്‍ എന്നിവര്‍ മുഖ്യാതിഥികളായി. സ്വാഗത ഗാനത്തിന് സംഗീതം നല്‍കിയ സനല്‍ ശശീന്ദ്രനെയും കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത ജിന്റോ ജോസഫിനെയും ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി ഷൈല, ആര്‍ഡിഡി ഡോ. ഡി ജെ സതീഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഡി ശ്രീജ, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ പി നവീന പി, എസ്എസ്‌കെ ജില്ലാകോ–ഓര്‍ഡിനേറ്റര്‍ ഡോ. എന്‍ ജെ ബിനോയ് തുടങ്ങിയവര്‍ സംസാരിച്ചു.









0 comments