അഴീക്കോടൻ ദിനാചരണം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും

തൃശൂർ
അഴീക്കോടൻ രാഘവൻ ദിനം ചൊവ്വാഴ്‌ച ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി പുഷ്‌പാർച്ചന, പ്രകടനം പൊതുയോഗം എന്നിവ നടക്കും. പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവൻ കൊലചെയ്യപ്പെട്ടിട്ട് 53 വർഷം പിന്നിടുകയാണ്. ചൊവ്വാഴ്‌ച രാവിലെ 8.30ന് അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേരും. തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് രാവിലെ എട്ടിന് തുടങ്ങും. പകൽ മൂന്നിന് തൃശൂർ പാലസ് ഗ്രൗണ്ടിൽനിന്ന് റെഡ് വളണ്ടിയർ പരേഡ് ആരംഭിക്കും. നാലിന് തൃശൂർ കോർപറേഷൻ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി ചെട്ടിയങ്ങാടി- കുറുപ്പം റോഡ് വഴി തേക്കിൻകാട് മൈതാനിയിലേക്ക് പ്രവേശിക്കും. വൈകിട്ട് അഞ്ചിന് തൃശൂർ വിദ്യാർഥി കോർണറിൽ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു എന്നിവർ സംസാരിക്കും. ദിനാചരണ പരിപാടിയിൽ മുഴുവൻ പാർടിപ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ അഭ്യർഥിച്ചു.









0 comments