ഖരമാലിന്യ സംസ്കരണ രംഗത്തെ പാഞ്ഞാൾ മോഡൽ

സതീഷ് മുണ്ടക്കോട്ടുകുറുശ്ശി
Published on Sep 10, 2025, 12:24 AM | 1 min read
പാഞ്ഞാൾ
ഖരമാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ പദ്ധതികൾ ആവിഷ്കരിച്ച പാഞ്ഞാൾ പഞ്ചായത്ത് മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റേഷൻ സെന്റർ മാലിന്യമുക്ത പഞ്ചായത്ത് എന്ന ആശയം സാക്ഷാൽക്കരിക്കുകയാണ്. 2021 ലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൈങ്കുളത്ത് ഭാരതപ്പുഴയോട് ചേർന്ന് 4000 സ്ക്വയർ ഫീറ്റിൽ എംസിഎഫ് പ്രവർത്തനം ആരംഭിക്കുന്നത്. 32 ഹരിത കർമ സേനാംഗങ്ങൾ ആണ് എംസിഎഫിൽ പ്രവർത്തിക്കുന്നത്. ആധുനിക രീതിയിലുള്ള ബെയിലിങ് മെഷീൻ, സോർട്ടിങ് ടേബിളുകൾ, വെയിങ് മെഷീൻ, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം തുടങ്ങിയവ സെന്ററിലുണ്ട്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് മിനി എംസിഎഫിൽ എത്തിക്കുന്നതിനും അവിടെനിന്ന് എംസിഎഫിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി സ്വന്തമായി ഇലക്ട്രിക് വാഹന സംവിധാനമുണ്ട്. ഒന്നാം തീയതി മുതൽ 15 വരെ ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കും. 15 മുതൽ 30 വരെയാണ് എംസിഎഫിൽ തരംതിരിക്കൽ. പ്ലാസ്റ്റിക് മാലിന്യത്തെ 13ആയി തരംതിരിക്കും. ഒന്നിലും പെടാത്തവ ബൾക്ക് വേസ്റ്റിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കന്പനിക്ക് കൈമാറും. ഇതിന് ഒരു കിലോയ്ക്ക് 13 രൂപ നൽകണം. എന്നാൽ മറ്റു തരംതിരിക്കുന്ന മാലിന്യത്തിന് 9 രൂപ മുതൽ 60 രൂപ വരെ ഹരിത കർമസേനാംഗങ്ങൾക്ക് ലഭിക്കും. ഈ തുകയും യൂസർ ഫീയുമാണ് ഇവരുടെ വരുമാനം. അമ്പതോളം മിനി എംസിഎഫുകളാണ് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. ഇത്രയും യൂണിറ്റുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക പഞ്ചായത്താണ് പാഞ്ഞാൾ. ഖരമാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ പ്രവർത്തനമാണ് പാഞ്ഞാൾ പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററിന്റേത്. പൂർണമായും ഗൃഹ സന്ദർശനം നടത്തുന്നു എന്നതാണ് പദ്ധതിയുടെ വിജയം.









0 comments