ഫുള്‍
ഓണം
വൈബ്

ഉത്രാട നാളിൽ പുതൂർക്കരയിൽ ഇല്ലിക്കൽ വീട്ടിലെ കുട്ടികൾ പുലിമുഖവും പൂക്കളും ഉപയോഗിച്ച്‌ പൂക്കളം ഒരുക്കുന്നു / ഫോട്ടോ: ഡിവിറ്റ്‌ പോൾ

ഉത്രാട നാളിൽ പുതൂർക്കരയിൽ ഇല്ലിക്കൽ വീട്ടിലെ കുട്ടികൾ പുലിമുഖവും പൂക്കളും ഉപയോഗിച്ച്‌ പൂക്കളം ഒരുക്കുന്നു / ഫോട്ടോ: ഡിവിറ്റ്‌ പോൾ

avatar
സ്വന്തം ലേഖിക

Published on Sep 05, 2025, 12:50 AM | 1 min read


​തൃശൂർ

കാത്തിരുന്ന തിരുവോണമെത്തി. അത്തം ഒന്നിന് തുടങ്ങിയ ആഘോഷങ്ങൾ ഇനി ഫുള്‍ വൈബിലാകും. എവിടെയും ഓണം മൂഡ് നിറയും. പൂക്കളമിടലും പുത്തനുടുപ്പും സദ്യയും ഊഞ്ഞാലാട്ടവുമെല്ലാം തകൃതിയില്‍ നടക്കും. തിരുവോണ നാളിന്റെ ആവേശം തെല്ലുംകെടാതെ നാലോണം വരെ നീളും. കുമ്മാട്ടിയെത്തും... പുലിയിറങ്ങും... ആഘോഷം മൊത്തത്തില്‍ കളറാകും. ഉത്രാടത്തിനാരംഭിച്ച കുമ്മാട്ടിപ്പൂരം നാലോണം വരെ തുടരും. പര്‍പ്പടകപ്പുല്ല് ദേഹത്ത് കെട്ടി രൗദ്രമുഖങ്ങളണിഞ്ഞ് കുമ്മാട്ടികള്‍ ദേശങ്ങളിലേക്കെത്തും. വിശേഷം ചോദിക്കും. നാലാം ഓണനാളായ തിങ്കളാഴ്‌ച തൃശൂരില്‍ ‘മനുഷ്യപ്പുലി’കൾ ആടിത്തിമിർക്കും. ഇത്തവണ ഒമ്പത്‌ സംഘങ്ങളുണ്ട്‌. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. വൈകിട്ട്‌ നാലിന്‌ അതത്‌ പ്രദേശങ്ങളിൽനിന്ന്‌ പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ്‌ റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക്‌ നാളികേരമുടച്ച്‌ സ്വരാജ്‌ റൗണ്ട്‌ ചുറ്റും. ദീപാലംകൃതമായ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. ഞായറാഴ്ച പുലിവാല്‍ എഴുന്നള്ളിപ്പ് നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തൃശൂർ ബാനർജി ക്ലബ്ബിൽ പുലിച്ചമയ പ്രദർശനം നടക്കും. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി ആര്‍ ബിന്ദു ഉദ്‌ഘാടനംചെയ്യും. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകേന്ദ്രവും തൃശൂർ കോർപറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി‌‌ തിങ്കളാഴ്ച വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിരുവോണ ദിനത്തിൽ കലാഭവൻ ഷിനു അവതരിപ്പിക്കുന്ന മിമിക്രി വൺമാൻ ഷോ, കൊച്ചിൻ പോപ്പിൻസിന്റെ തിരുവാതിരക്കളി എന്നിവ ഉണ്ടാകും. ശനിയാഴ്ച ജയചന്ദ്രൻ സ്മൃതി ഗാനസന്ധ്യ, ഗസൽ എന്നിവ അരങ്ങേറും. ഞായറാഴ്‌ച വിപിൻ വിശ്വനാഥ പുലവർ അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്ത്, അനിത ഷെയ്ഖ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവ നടക്കും. തിങ്കളാഴ്ച പുലികളിയോടെ ഓണാഘോഷം സമാപിക്കും. തുടർന്ന് സിദ്ധാർഥ്‌ മേനോൻ അവതരിപ്പിക്കുന്ന ഗാനമേളയും രാത്രി എട്ടരയോടെ പുലികളി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home