ഡോ. പി യു ജോസഫ് അന്തരിച്ചു

ഡോ. പി യു ജോസഫ്
തൃശൂർ
പ്രമുഖ ഡോക്ടറും ജില്ലാ ആശുപത്രി സൂപ്രണ്ടുമായിരുന്ന ഡോ. പി യു ജോസഫ് (95) അന്തരിച്ചു. സംസ്‌കാരം ചൊവ്വ പകൽ 11.30ന് പുത്തൻപള്ളിയിൽ. ഭാര്യ: സിസിലി. മക്കൾ: മോളി ജേക്കബ്, പരേതയായ റോഷ്‌ണി മാത്യു, ഡോ. പി ജെ ജേക്കബ്. മരുമക്കൾ: ഡോ. ജേക്കബ് എലഞ്ഞിക്കൽ, ഡോ. മാത്യൂ ഡൊമിനിക് കുരിശുമൂട്ടിൽ, ആനി ജോർജ് ആലപ്പാട്ട്.
അഴീക്കോടന് പരോളിന് വഴിയൊരുക്കിയ ഡോക്ടർ
തൃശൂർ
രക്തസാക്ഷി അഴീക്കോടൻ രാഘവൻ ജയിലിൽ കഴിയുന്പോൾ അസുഖബാധിതയായ അമ്മയെ കാണാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറാണ് അന്തരിച്ച പി യു ജോസഫ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടറായിരിക്കെ അമ്മ പ്രക്കാച്ചിയെയും കൂട്ടി ചികിത്സക്കു വന്നപ്പോഴാണ് അഴീക്കോടൻ രാഘവനുമായി ഡോ. ജോസഫ് പരിചയപ്പെട്ടത്. 1965ൽ അഴീക്കോടനുൾപ്പെടെ കണ്ണൂരിലെ പ്രധാന കമ്യൂണിസറ്റ് നേതാക്കളെയെല്ലാം കോൺഗ്രസ് ഭരണം ജയിലിലടച്ചു. അഴീക്കോടൻ തിരുവനന്തപുരം ജയിലിലായിരുന്നു. ഇതിനിടെയാണ് അമ്മ ആശുപത്രിയിലായത്. തടവുകാർക്ക് പരോൾ അനുവദിക്കാൻ ഗവർണർക്കാണ് അധികാരം. അതിന് മാതാപിതാക്കൾക്ക് ഗുരുതരാവസ്ഥയാണെന്ന് എംഡി ബിരുദമുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എംഡി ബിരുദമുള്ള ഏക ഡോക്ടർ ജോസഫായിരുന്നു. ഡോ. ജോസഫ് രണ്ടു തവണ അഴീക്കോടന്റെ അമ്മയ്‌ക്ക് അസുഖമെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി. ഇത് അംഗീകരിച്ച് അഴീക്കോടൻ പുറത്തിറങ്ങി. മൂന്നാം തവണയും സർട്ടിഫിക്കറ്റ് നൽകിയപ്പോൾ അധികാരികൾക്ക് സംശയം. നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. എസ് പി, ആശുപത്രിയിലെത്തിയപ്പോൾ അമ്മ ശ്വാസം മുട്ടി ക്കിടക്കുകയാണ്. അങ്ങിനെ വീണ്ടും അഴീക്കോടൻ പരോളിലറിങ്ങി. 1972ൽ തൃശൂരിൽ കൊല്ലപ്പെടുന്ന സമയത്ത് ജോസഫ് തൃശൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടം ടേബിളിൽ അഴീക്കോടന്റെ മൃതദേഹം കണ്ടപ്പോൾ വലിയ വിഷമമുണ്ടായതായി ഡോ. ജോസഫ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.







0 comments