യുഡിഎഫിനെ വളഞ്ഞ് വിമതർ

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിരവധിയിടങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ വിമതർ. മൂന്നിലവ് പഞ്ചായത്തിലെ രണ്ട് വാർഡിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് വിമതരുണ്ട്. ഇൗരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഡിവിഷനിലെ വിമതനെ ഒൗദ്യോഗിക സ്ഥാനാർഥിയായി ഡിസിസി പ്രഖ്യാപിച്ചു. ബ്ലോക്കിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്‌റ്റാൻലി മാണിയാണ് മത്സരിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിൽ 8, 12 വാർഡുകളിൽ കോൺഗ്രസ്, കേരള കോൺഗ്രസ്(ജോസഫ്) സ്ഥാനാർഥികൾ തമ്മിലാണ് മത്സരം. അതിരമ്പുഴ പഞ്ചായത്തിലും ഇരുപാർടികളും നേർക്കുനേരാണ്. മന്ത്രി വി എൻ വാസവനെ പുകഴ്‌ത്തി സംസാരിച്ചതിന്റെ പേരിൽ സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ നഗരസഭയിൽ യുഡിഎഫ് വിമതനായി. വാഴൂർ പഞ്ചായത്ത് 10–ാം വാർഡിൽ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് പ്രസിഡന്റ് വി ആർ മനോജ് വിമതനായി. തലയോലപ്പറമ്പ് പഞ്ചായത്ത് രണ്ടാംവാർഡിൽ മുസ്ലിംലീഗിന് നൽകിയ സീറ്റിൽ ഭീഷണിയുയർത്തി കോൺഗ്രസ് നേതാവും തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ അജിത്ത് കുളക്കുഴി മത്സരിക്കുന്നു. എരുമേലി പഞ്ചായത്ത് അഞ്ചാംവാർഡിൽ ലീഗ് സ്ഥാനാനാർഥി നാസർ പ്ലാമൂട്ടിലിനെതിരെ കോൺഗ്രസിലെ നാസർ പനച്ചി മത്സരിക്കുന്നു.പാലാ നഗരസഭ 19–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സതീഷ് ചൊള്ളാനിക്കെതിരെ കോൺഗ്രസ് സിറ്റിങ് കൗൺസിലർ മായാ രാഹുൽ മത്സരിക്കും. 17–ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ സാബുവിനെതിരെ കോൺഗ്രസിലെ രഞ്ജു പന്നിപ്പള്ളിൽ മത്സരിക്കുന്നു. കരൂർഅഞ്ചാംവാർഡ് അന്തീനാട് വെസ്റ്റിൽ യുഡിഎഫ് സ്ഥാനാർഥി പയസ് മാണിക്കെതിരെ കോൺഗ്രസ് സിറ്റിങ് അംഗം സ്മിത ഗോപാലകൃഷ്ണൻ മത്സരിക്കുന്നു. ഭരണങ്ങാനം ഒന്നാംവാർഡ് പ്രവിത്താനത്ത് യുഡിഎഫിലെ എൻസികെയുടെ വിനോദ് വേരനാനിക്കെതിരെ കോൺഗ്രസ് വിമതൻ സി ഡി ദേവസ്യ ചെറിയൻമാക്കൽ മത്സരിക്കുന്നു. ഭരണങ്ങാനം എട്ടാംവാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ടി തോമസ് കിഴക്കേക്കരയ്ക്കെതിരെ ഡമ്മിയായി പത്രിക നൽകിയ കോൺഗ്രസിന്റെ സജീവപ്രവർത്തകൻ ബാബു തോമസ് കൊല്ലംപറമ്പിൽ വിമതനായി. വാർഡിൽ റിബലായി പത്രിക നൽകിയിരുന്ന കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി എസ് സുകുമാരൻ സ്ഥാനാർഥിത്വം പിൻവലിച്ച് ഡമ്മിയെ പിന്തുണക്കുകയായിരുന്നു. കരൂർ പഞ്ചായത്തിൽ അന്തീനാട് ഈസ്റ്റിൽ(അഞ്ച്) കോൺഗ്രസ് സ്ഥാനാർഥിയായ കരൂർ മണ്ഡലം പ്രസിഡന്റ് പയസ് മാണിക്കെതിരെ നിലവിലെ വനിതാഅംഗം സ്മിത ഗോപാലകൃഷ്ണൻ റിബലായി മത്സരിക്കുന്നു.









0 comments