കുതിപ്പ്‌ തുടരാൻ കുറവിലങ്ങാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2025, 12:26 AM | 1 min read

കുറവിലങ്ങാട് കുറവിലങ്ങാട് പഞ്ചായത്തിലെ 15 വാർഡുകളും കാണക്കാരി പഞ്ചായത്തിലെ 17 വാർഡുകളും കടപ്ലാമറ്റം പഞ്ചായത്തിലെ 14 വാർഡുകളും മാഞ്ഞൂർ പഞ്ചായത്തിലെ 12 വാർഡുകളും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആറ്‌ വാർഡുകളും ഉഴവൂർ പഞ്ചായത്തിലെ ഒരു വാർഡുമടക്കം 65 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ജില്ലാ പഞ്ചായത്ത്‌ കുറവിലങ്ങാട് ഡിവിഷൻ. ആകെ 79,149 വോട്ടർമാരുണ്ട്‌.കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുറവിലങ്ങാട്‌ പഞ്ചായത്തിന്റെയും മുൻ പ്രസിഡന്റുമായിരുന്ന പി സി കുര്യനാണ്‌ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി. സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന നിരവധി വികസന പദ്ധതികളാണ്‌ പി സി കുര്യന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. കുറവിലങ്ങാട്‌ പഞ്ചായത്തിനെ മൺറോഡുകളില്ലാത്ത പഞ്ചായത്താക്കിയതും കോഴാ-–പാലാ റോഡിൽ ഗ്രാമോദ്യാനം സ്ഥാപിച്ചതും പി സി കുര്യൻ പ്രസിഡന്റായിരിക്കെയാണ്‌. കുറവിലങ്ങാട് ഗവ. ആശുപത്രിയുടെ മുഖഛായ മാറ്റിയ പ്രവർത്തനമായിരുന്നു ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ നടത്തിയത്‌. പുതിയ ഒപി ബ്ലോക്ക് കെട്ടിടം, പാലിയേറ്റിവ് കെയർ വാർഡ് എന്നിവയുടെ നിർമാണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറവിലങ്ങാട്ട്‌ തണൽ വിശ്രമകേന്ദ്രം ആരംഭിച്ചതും അങ്കണവാടികൾക്ക്‌ സ്ഥലം കണ്ടെത്തിയതും നസ്രത്ത്‌ഹില്ലിൽ കളിസ്ഥലം തുറന്നതുമടക്കം നിരവധി പദ്ധതികൾ നടപ്പാക്കി. പുതിയ വാട്ടർ ടാങ്ക്‌ സ്ഥാപിച്ച്‌ മുക്കേൽ കുടിവെള്ള പദ്ധതിയുടെ ജലവിതരണം കാര്യക്ഷമമാക്കി. മൂന്ന്‌ ഫിറ്റ്‌നസ്‌ സെന്ററുകളും തുറന്നു. പി സി കുര്യന്റെയും ഡിവിഷൻ പ്രതിനിധി നിർമല ജിമ്മി നടത്തിയ വികസന പ്രവർത്തനങ്ങളുടെയും കരുത്തിലാണ്‌ ഇടതുപക്ഷം ജനവിധിതേടുന്നത്‌. കഴിഞ്ഞതവണ എൽഡിഎഫ്‌ പ്രതിനിധി നിർമല ജിമ്മി 6000ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. 48 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം ജോസ്‌മോൻ മുണ്ടയ്ക്കലാണ് യുഡിഎഫ് സ്ഥാനാർഥി. ജെയ്സൺ തോമസ്‌ വല്ലടിയാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Home