കോർപറേഷൻ
കളമൊരുങ്ങി, തെളിമയോടെ എൽഡിഎഫ്

എം അനിൽ
Published on Nov 25, 2025, 12:29 AM | 1 min read
കൊല്ലം
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിലെ അന്തിമ ചിത്രം തെളിഞ്ഞു, ഇനി രണ്ടാഴ്‌ച അങ്കത്തട്ടിലെ പോരാട്ടം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്‌ച കഴിഞ്ഞതോടെ കൊല്ലം കോർപറേഷനിലെ 56 ഡിവിഷനിൽ ആകെ മത്സരരംഗത്തുള്ളത് 202 സ്ഥാനാർഥികൾ. മികവാർന്ന സ്ഥാനാർഥിപ്പട്ടികയാണ് എൽഡിഎഫിന്റെ കരുത്ത്. ഒപ്പം സംസ്ഥാന സർക്കാരും കോർപറേഷനും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും എൽഡിഎഫിനെ കൂടുതൽ സ്വീകാര്യമാക്കുന്നു. യുഡിഎഫ് സ്ഥാനാർഥിപ്പട്ടിക പല ഡിവിഷനിലും അവ്യക്തമാണ്. ആരാണ് യഥാർഥ യുഡിഎഫ് സ്ഥാനാർഥിയെന്ന വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന സംശയം ഇപ്പോഴും തുടരുന്നു. ആർഎസ്‌പിക്കും ലീഗിനും കൊടുത്ത ചില സീറ്റിൽ കോൺഗ്രസ് നേതാക്കളോ അല്ലെങ്കിൽ അവരുടെ ഭാര്യയോ ആണ് സ്ഥാനാർഥി. മറ്റു ചിലയിടങ്ങളിൽ ഒന്നിലധികം സ്ഥാനാർഥികൾ യുഡിഎഫിനുണ്ട്. എൻഡിഎ എന്നാൽ കോർപറേഷനിൽ ബിജെപി മാത്രമാണ്. ആകെ ഒരു സീറ്റിൽ ബിഡിജെഎസ് മത്സരിക്കുന്നു. സ്ഥാനാർഥികളെ ആർഎസ്‌എസ് അടിച്ചേൽപ്പിച്ചതിൽ ബിജെപിക്കുള്ളിൽ കടുത്ത അമർഷമാണുള്ളത്. സ്വഭാവദൂഷ്യമുള്ളവരെ സ്ഥാനാർഥിയാക്കിയതും ബിജെപിക്കുള്ളിൽ നീറിപ്പുകയുകയാണ്. എൽഡിഎഫിൽ സിപിഐ എം 37 സീറ്റിലും സിപിഐ 17, ജനതാദൾ എസ്, കേരള കോൺഗ്രസ് ബി ഒന്നുവീതം സീറ്റിലും മത്സരിക്കുന്നു. യുഡിഎഫിൽ കോൺഗ്രസ് 39, ആർഎസ്‌പി 11, ലീഗ് നാല്, കേരള കോൺഗ്രസ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് ഒന്നുവീതം സീറ്റും എന്നതാണ് നേതാക്കൾക്കിടയിലെ ധാരണ. എന്നാൽ, ഇൗ ധാരണ പലയിടത്തും പ്രവർത്തകർ അംഗീകരിച്ചിട്ടില്ല. എൻഡിഎയിൽ ബിജെപി 55 സീറ്റിലും ബിഡിജെഎസ് ഒന്നിലുമാണ് മത്സരിക്കുന്നത്. ബൂത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ പൂർത്തീകരിക്കുന്ന തിരക്കിലാണ് എൽഡിഎഫ്. ആകെ 239 ബൂത്താണുള്ളത്.







0 comments