ജമാഅത്തെ ഇസ്ലാമി ബാന്ധവം
തിരൂരിൽ ലീഗ് സ്ഥാപക കുടുംബത്തിൽനിന്ന് രാജി

തിരൂർ
നഗരസഭയിൽ ജമാഅത്തെ ഇസ്ലാമിയോടും ബിജെപിയോടും കൈകോർത്ത് മത്സരിക്കുന്ന മുസ്ലിംലീഗ് നിലപാടിൽ പ്രതിഷേധിച്ച് തിരൂരിലെ ലീഗ് സ്ഥാപകനേതാവിന്റെ മകൻ പാർടിവിട്ടു. ആദ്യ സംസ്ഥാന പ്രവർത്തക സമിതി അംഗമായിരുന്ന മദിരാശി അബൂബക്കറിന്റെ മകൻ ഹാരിസ് കോടേരിയാണ് ലീഗിൽനിന്ന് രാജിവച്ചത്. തിരൂർ നഗരസഭയിലെ ലീഗ് കുത്തക സീറ്റായ 22–-ാം വാർഡ് കോലാർകുണ്ടിലാണ് വെൽഫെയർ പാർടി പ്രവർത്തകയായ ജിഐഒ ഭാരവാഹി മത്സരിക്കുന്നത്. ലീഗ് മുനിസിപ്പൽ പ്രസിഡന്റിന്റെ വീട് ഉൾപ്പെട്ട വാർഡാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയത്. കഴിഞ്ഞ തവണ അന്നാര വാർഡിൽ വെൽഫെയർ പാർടി ജില്ലാ നേതാവിനെ മത്സരിപ്പിച്ച് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ഇത്തവണയും ലീഗ് ജമാഅത്തെ ഇസ്ലാമി- സഖ്യം ഉണ്ടാക്കിയത്. തിരൂരിൽനിന്ന് ലീഗിന്റെ ആദ്യ പ്രവർത്തക സമിതി അംഗമായിരുന്ന മദിരാശി അബൂബക്കർ വർഗീയതയോട് ഒരിക്കലും സന്ധിചെയ്തിരുന്നില്ലെന്നും കച്ചവട രാഷ്ട്രീയമാണ് ഇപ്പോഴത്തെ നേതൃത്വം നടത്തുന്നതെന്നും ഹാരിസ് കോടേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരൂർ മേഖലയിൽനിന്ന് നിരവധി ലീഗ് പ്രവർത്തകരാണ് ലീഗ് വിടുന്നത്.
പൊന്നാനിയിലും രാജി
പൊന്നാനി
ലീഗ് നിലപാടുകളിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ വർക്കിങ് കമ്മിറ്റി അംഗം എൻ ഷംസുദ്ധീൻ രാജിവച്ചു. സ്വതന്ത്ര കർഷക സംഘം ജില്ലാ വർക്കിങ് കമ്മിറ്റി അംഗം, പൊന്നാനി മണ്ഡലം പ്രസിഡന്റ്, മുസ്ലിംലീഗ് പൊന്നാനി മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം, വെളിയംകോട് പാഞ്ചായത്ത് വർക്കിങ് കമ്മിറ്റി അംഗം എന്നീ പദവികൾ രാജിവച്ചതായി എൻ ഷംസുദ്ധീൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയിൽ കോൺഗ്രസിന് കീഴടങ്ങുകയാണ് ലീഗ് ചെയ്തത്. വെളിയങ്കോട് പഞ്ചായത്ത് ഭരണം ഇത്തവണ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി എരമംഗലം മഹല്ല് കമ്മിറ്റി ഭാരവാഹിയെ നിർത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.








0 comments