വിമതരിൽ വലഞ്ഞ് യുഡിഎഫ്

മലപ്പുറം
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി പിന്നിട്ടപ്പോൾ ജില്ലയിൽ യുഡിഎഫിന് വിമത ഭീഷണി ഒഴിയുന്നില്ല. പലയിടത്തും ലീഗിന്റെയും കോൺഗ്രസിന്റെയും പ്രമുഖ നേതാക്കൾ വിമതരായി രംഗത്തുണ്ട്. ലീഗ്, യുഡിഎഫ് നേതാക്കളുടെ അനുനയശ്രമങ്ങൾ തള്ളിയാണ് ഇവർ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത്. ലീഗ് വിമതരെ പിന്തരിപ്പിക്കാൻ പാണക്കാട്ട് തങ്ങൾമാർ നടത്തിയ ഇടപെടലും ഫലംകണ്ടില്ല. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വീട് സ്ഥിതിചെയ്യുന്ന തിരൂരങ്ങാടി നഗരസഭയിലെ 25–ാം ഡിവിഷനിൽ നിലവിലെ നഗരസഭാ വൈസ് ചെയർപേഴ്സണും വനിതാ ലീഗ് മുനിസിപ്പൽ സെക്രട്ടറിയുമായ സുലൈഖ കാലൊടി ലീഗ് സ്ഥാനാർഥിക്കെതിരെ മത്സരരംഗത്തുണ്ട്. 32–ാം ഡിവിഷനിൽ ലീഗ് മുൻ വാർഡ് പ്രസിഡന്റ് കക്കടവത്ത് അഹമ്മദ്കുട്ടിയും ലീഗിനെതിരെ മത്സരിക്കുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് കാര്യവട്ടം ഡിവിഷനിൽ യുഡിഎഫിന് തലവേദനയായി രണ്ട് വിമതരുണ്ട്. കഴിഞ്ഞ തവണ മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മേലേതിൽ നാസർ, കോൺഗ്രസ് പ്രവർത്തകനും സിനിമാ സംവിധായകനുമായ സക്കീർ മണ്ണാർമല എന്നിവരാണ് ഇത്. കീഴാറ്റൂരിൽ നെന്മിനി ബ്ലോക്കിൽ 15-ാം വാർഡിലും വിമതനുണ്ട്. കരുളായി പഞ്ചായത്തില്‍ യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിമതനായി പത്രിക നൽകി. പത്താം വാര്‍ഡായ കളംകുന്നിലാണ് റിബല്‍ സ്ഥാനാര്‍ഥിയായി മദാര്‍ അസ്‌കര്‍ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് കണ്‍വീനര്‍കൂടിയായ ടി പി അയ്യൂബാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. എടരിക്കോട് പഞ്ചായത്തിൽ യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നാലിടങ്ങളിൽ റിബലുകൾ മത്സരരംഗത്തുണ്ട്. പള്ളിക്കൽ പഞ്ചായത്തിൽ ലീഗ് ഒൗദ്യോഗിക സ്ഥാനാർഥിക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയാണ് രംഗത്തുള്ളത്. കൊണ്ടോട്ടി നഗരസഭയിൽ രണ്ടിടത്ത് വിമതർ മത്സരിക്കും. വാഴക്കാട്, ചെറുകാവ് പഞ്ചായത്തുകളിലും വിമതർ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നു. നന്നന്പ്രയിൽ കോൺഗ്രസിനെതിരെ ലീഗ് വിമത സ്ഥാനാർഥികളെ നിർത്തി. വേങ്ങര പഞ്ചായത്തിൽ ആറിടത്തും വേങ്ങര ബ്ലോക്കിൽ കോൺഗ്രസ് വിമതനും മത്സരിക്കും. മഞ്ചേരി നഗരസഭയിൽ രണ്ട് കോൺഗ്രസ് നേതാക്കൾ ലീഗ് വിമതരായി രംഗത്തുണ്ട്








0 comments