വിമതപ്പട പേടിച്ച് യുഡിഎഫ്

കൊച്ചി
തദ്ദേശസ്ഥാപനങ്ങളിലേക്ക് സമർപ്പിച്ച പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ കോൺഗ്രസും യുഡിഎഫും വിമതഭീഷണിയുടെ ചക്രവ്യൂഹത്തിൽ. സ്ഥാനാർഥിനിർണയത്തിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലുമുണ്ടായ ഭിന്നത പരിഹരിക്കാൻ നേതൃത്വം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. യുവാക്കളെയും പുതുമുഖങ്ങളെയും തഴഞ്ഞെന്നാണ് വിമതരുടെ പ്രധാന ആക്ഷേപം. നേതാക്കളുടെ പെട്ടിയെടുപ്പുകാർക്കും സ്വന്തക്കാർക്കും പ്രത്യേക പരിഗണന നൽകിയെന്നും വിമതർ ആരോപിക്കുന്നു.
കൊച്ചി കോർപറേഷനിൽ 12 ഡിവിഷനിലാണ് യുഡിഎഫ് വിമതസാന്നിധ്യമുള്ളത്. പാലാരിവട്ടം ഡിവിഷനിൽ യുഡിഎഫ് തൃക്കാക്കര മണ്ഡലം ചെയർമാൻ ജോസഫ് അലക്‌സ്, കോണത്ത് മുൻ ഡെപ്യൂട്ടി മേയർ കെ ആർ പ്രേമകുമാർ, ചുള്ളിക്കലിൽ കൗൺസിലർ ബാസ്‌റ്റിൻ ബാബു, ഗിരിനഗറിൽ കൗൺസിലർ മാലിനി കുറുപ്പ്, പെരുന്പടപ്പിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹസീന നജീബ്, - കച്ചേരിപ്പടിയിൽ ഐഎൻടിയുസി നേതാവ് കെ കെ നിഷാദ്, നന്പ്യാപുരത്ത് മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റഹീസ സലാം, മൂലങ്കുഴിയിൽ കെ ജെ സോണി, ഇൗരവേലിയിൽ മഹിളാ കോൺഗ്രസ് നേതാവ് സുനിത ഷെമീർ, പനയപ്പിള്ളിയിൽ ഷീല ഷാബി, കൽവത്തിയിൽ വനിതാ ലീഗ് ജില്ലാസെക്രട്ടറി സജി കബീർ, പൂണിത്തുറയിൽ ഹരീഷ് പൂണിത്തുറ എന്നിവരും മത്സരിക്കുന്നു.
കളമശേരി നഗരസഭയിലെ ഒന്പത് യുഡിഎഫ് വിമതരിൽ രണ്ടുപേർ ലീഗിന്റേതാണ്. ഏലൂർ നഗരസഭയിൽ മൂന്ന് വാർഡുകളിലായി അഞ്ച് കോൺഗ്രസ് നേതാക്കളും വിമതരായി രംഗത്തുണ്ട്.
ആലുവ നഗരസഭയിൽ മുൻ ചെയർപേഴ്സൺ ഉൾപ്പെടെ എട്ട് വിമതർ മത്സരരംഗത്തുണ്ട്. തൃക്കാക്കരയിൽ മൂന്നിടത്തും മൂവാറ്റുപുഴയിൽ നാലിടത്തും വിമതർ മത്സരിക്കുന്നു. അങ്കമാലി നഗരസഭ 29–-ാം വാർഡിൽ പൗളി പോളച്ചൻ, അഞ്ചാംവാർഡിൽ സെബി വർഗീസ്, മഞ്ഞപ്ര പഞ്ചായത്ത് ഒന്നാംവാർഡിൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് സെബാസ്റ്റ്യൻ കൊട്ടേക്കാലി, ലൈജു പോൾ, വേങ്ങൂർ പഞ്ചായത്ത് മൂന്നാംവാർഡിൽ ബേസിൽ കല്ലറയ്ക്കൽ, മുടക്കുഴയിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സ് ചൂരമുടി, ഒക്കലിൽ എൻ ഒ ജോർജ്, കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എം എം ജേക്കബ് എന്നിവരും വിമതരായി ഉറച്ചുനിൽക്കുന്നു.
മാറാടി പഞ്ചായത്തിൽ രണ്ടിടത്തും വാളകത്ത് മൂന്നിടത്തും പായിപ്ര, കല്ലൂർക്കാട് എന്നിവിടങ്ങളിൽ രണ്ടുവീതം വാർഡിലും മഞ്ഞള്ളൂർ, ആവോലി എന്നിവിടങ്ങളിൽ ഓരോ വാർഡിലും വിമതരുണ്ട്.
മുളന്തുരുത്തി പഞ്ചായത്തിൽ ഒന്നാംവാർഡിൽ ഐഎൻടിയുസി പ്രവർത്തകൻ പ്രതീഷ് വർഗീസ് വിമതനാണ്. കരുമാല്ലൂർ പഞ്ചായത്ത് വാർഡ് 8, ചിറ്റാറ്റുകരയിൽ വാർഡ് 17 എന്നിവിടങ്ങളിലും വിമതരുണ്ട്.
പാമ്പാക്കുട പഞ്ചായത്തിൽ 15 വാർഡുകളിലും മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും കോൺഗ്രസ് വിമതർ ഐക്യമുന്നണി എന്നപേരിൽ മത്സരിക്കുന്നു. പിറവം നഗരസഭയിൽ നാലിടത്തും കൂത്താട്ടുകുളത്ത് രണ്ടിടത്തും യുഡിഎഫ് വിമതരുണ്ട്. പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാരപ്പെട്ടി പഞ്ചായത്തുകളിലും യുഡിഎഫിന് വിമതശല്യമുണ്ട്








0 comments