എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
കൊടുങ്ങല്ലൂർ സുന്ദരതീരമാകും

കൊടുങ്ങല്ലൂർ നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന് നൽകി പ്രകാശിപ്പിക്കുന്നു
കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂരിനെ മനോഹരതീരമാക്കാനുള്ള പദ്ധതികളുമായി നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ സിപിഐ ജില്ലാ സെകട്ടറി കെ ജി ശിവാനന്ദന് പ്രകടനപത്രിക കൈമാറി. തരിശുരഹിത നഗരസഭ യാഥാർഥ്യമാക്കാൻ മുഴുവൻ തരിശു ഭൂമിയിലും കൃഷി ആരംഭിക്കും. കൊടുങ്ങല്ലൂരിനെ പ്രധാന പൂവിപണി കേന്ദ്രമാക്കി മാറ്റും. ജനകീയ പങ്കാളിത്തത്തോടെ മുഴുവൻ റോഡരികുകളിലും പൂച്ചെടികൾ പിടിപ്പിച്ച് മനോഹരമാക്കും. പൊട്ടു വെള്ളരി വ്യാപനത്തിനായി കർഷകർക്ക് പ്രത്യേക സഹായ പദ്ധതികൾ ആവിഷ്കരിക്കും. ക്ഷീരോൽപ്പാദനത്തിലും, മൃഗസംരക്ഷണത്തിലും മുന്നേറ്റമുണ്ടാക്കും. നഗരസഭയുടെ റോഡുകൾ മുഴുവൻ ഇന്റർലോക്ക് ടൈൽ വിരിക്കും. മൾട്ടി ലെവൽ പാർക്കിങ് സെന്റർ നിർമിക്കും. നഗരസഭ ബസ് സ്റ്റാൻഡിനെ വൈറ്റില മോഡൽ ഹബ് ആക്കി മാറ്റും. ഷീ ലോഡ്ജുകൾ സ്ഥാപിക്കും. രാജ്യത്തെ പ്രമുഖ കമ്പനികളുടെ സഹകരണത്തിൽ ജോബ് സെന്ററിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. യോഗാ സെന്ററുകൾ തുറക്കും. പെൺകുട്ടികളെ ആയോധനകലകൾ പരിശീലിപ്പിക്കും. സിവിൽ സർവീസ് പരിശീലന കേന്ദ്രം ആരംഭിക്കും. സേനാ വിഭാഗങ്ങളിലേക്കുള്ള ഉദ്യോഗാർഥികൾക്ക് കായിക പരിശീലന കേന്ദ്രം തുടങ്ങും. പോളിടെക്നിക്ക് സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കും. സ്പോർട്‌സ് അക്കാദമി ആരംഭിക്കും. ദേശീയപാത ഫ്ലൈ ഓവറിന് താഴെ വോളിബോൾ, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ കളിക്കളങ്ങൾ നിർമിക്കും. പുല്ലറ്റ് വില്ലേജിൽ എസ്‌സി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ വീടുകൾ നിർമിക്കും. വിദ്യാർഥികൾക്ക് കോച്ചിങ് സെന്റർ ആരംഭിക്കും. കനോലി കനാലിന്റെയും പെരിയാറിന്റെയും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും. പൊതുകുളങ്ങൾ ഉപയോഗപ്പെടുത്തി കുടിവെള്ള പദ്ധതി തുടങ്ങും. എല്ലാ വാർഡിലും ഓപ്പൺ ജിം നിർമിക്കും. കളിക്കളം ഉറപ്പാക്കും. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗവും കാത്ത് ലാബും സ്ഥാപിക്കും. തെരുവ് നായ്‌ക്കൾക്കായി ഷെൽട്ടർ നിർമിക്കും. പരസ്യങ്ങളുടെ പ്രദർശനത്തിനായി എൽഇഡി വാളുകൾ സ്ഥാപിക്കും. വയോജന ക്ഷേമ പദ്ധതികൾ നടപ്പാക്കും. ഭക്തജനങ്ങൾക്ക് ഡോർമെറ്ററി സംവിധാനം ഒരുക്കും. ദളവ കുളത്തെ പിക്നിക് സ്പോട്ടാക്കും. പൊലീസ് മൈതാനത്തെ പൊതുജന കൂട്ടായ്മ കേന്ദ്രമാക്കും. ടൂറിസത്തിലൂടെ ജനങ്ങൾക്ക് വരുമാനം ഉറപ്പാക്കും. കൊങ്ങിണി ഭാഷ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കും. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ സേന മാതൃകയിൽ പദ്ധതി നടപ്പാക്കും. സിപിഐ എം ഏരിയ സെക്രട്ടറി മുസ്താഖ് അലി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ വേണു വെണ്ണറ, സി കെ രാമനാഥൻ, ടി പി അരുൺമേനോൻ, അഡ്വ. അഷറഫ് സാബാൻ, ടി പി പ്രഭേഷ്, പി എൻ വിനയചന്ദൻ, ഷീല രാജ്കമൽ, കെ എം സലിം, പി ബി ഖയസ്, സിവി ഉണ്ണികൃഷ്ണൻ,ടി ആർ ജിതിൻ എന്നിവർ സംസാരിച്ചു.








0 comments