പുഞ്ചിരി തൂകി പൂച്ചാക്കൽ

ചേർത്തല
പെരുന്പളം പഞ്ചായത്തിലെ മുഴുവൻ വാർഡും അരൂക്കുറ്റിയിലെ ആറും പാണാവള്ളിയിലെ പത്തും തൈക്കാട്ടുശേരിയിലെ ഏഴും പള്ളിപ്പുറത്തെ ഒന്പതും വാർഡ് ഉൾപ്പെടെ 46 വാർഡ് ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് പൂച്ചാക്കൽ ഡിവിഷൻ. സിപിഐ എം ഏരിയ കമ്മിറ്റിയംഗവും ജനപ്രതിനിധിയുമായ രാജേഷ് വിവേകാനന്ദയാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം ചേർത്തല ഏരിയ കമ്മിറ്റിയംഗവും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും പാണാവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് സമാനതകളില്ലാത്ത വികസനപദ്ധതികളാണ് ഡിവിഷൻ പരിധിയിൽ നടപ്പാക്കിയത്. നൂറുകോടിയിൽപ്പരം രൂപ ചെലവിട്ട് പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും സംസ്ഥാന ശ്രദ്ധ ആകർഷിച്ചതുമായ പെരുന്പളം പാലം പൂർത്തിയായി. തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം 89 കോടിയോളം രൂപ ചെലവിൽ പൂർത്തീകരണത്തോട് അടുക്കുന്നു. ജനങ്ങളുടെ ചിരകാലസ്വപ്‌നമായിരുന്ന ഇരുപാലങ്ങളും തുറക്കുന്നതോടെ പൂച്ചാക്കൽ ഡിവിഷനിലാകെ വികസനവസന്തം വിരിയും. ഡിവിഷനിലെ വിദ്യാലയങ്ങൾ കോടികളുടെ പദ്ധതിയിലൂടെ അടിസ്ഥാനസൗകര്യത്തിൽ വൻ കുതിപ്പ് നേടി. ആരോഗ്യരംഗത്തും സമാന മുന്നേറ്റമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുകയും അടിസ്ഥാനസൗകര്യം വിപുലമാക്കുകയും സേവനം സുസജ്ജമാക്കുകയുംചെയ്‌തു. റോഡുകളും ഉന്നതനിലവാരത്തിൽ വികസിപ്പിച്ചു. കോൺഗ്രസിലെ അബ്‌ദുൾ ജബ്ബാർ യുഡിഎഫ് സ്ഥാനാർഥിയും ബിജെപിയിലെ ടി സജീവ് ലാൽ എൻഡിഎ സ്ഥാനാർഥിയുമാണ്.








0 comments