ചരിത്രം കാർന്നുതിന്നുന്നത്‌ അരങ്ങിലെത്തിച്ച്‌ കുടുക്ക്‌

പകർന്നാട്ടത്തിൽ മുറുകി ആ കുരുക്ക്‌

എച്ച് എസ് എസ് വിഭാഗം നാടകമത്സരം ഒന്നാം സ്ഥാനം നേടിയ ചേർത്തല ഹോളി ഫാമിലി എച്ച്എസ്എസ് ടീം  'കുടുക്ക്'  എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ

എച്ച് എസ് എസ് വിഭാഗം നാടകമത്സരം ഒന്നാം സ്ഥാനം നേടിയ ചേർത്തല ഹോളി ഫാമിലി എച്ച്എസ്എസ് ടീം 'കുടുക്ക്' എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ വേഷത്തിൽ

വെബ് ഡെസ്ക്

Published on Nov 25, 2025, 12:57 AM | 1 min read

ആലപ്പുഴ

വളച്ചൊടിക്കുന്ന ചരിത്രത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങളെ തുറന്നുകാട്ടിയ ‘കുടുക്ക്’ ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച നാടകം. ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച നാടകം ഇന്ത്യൻ സമകാലിക രാഷ്ട്രീയത്തിന് നേരെയുള്ള നേർക്കണ്ണാടിയായി. തുടർച്ചായായ രണ്ടാംതവണയാണ്‌ ഹോളി ഫാമിലിയുടെ നേട്ടം. പൗരത്വ ഭേദഗതി, ഫാസിസ്റ്റ് ഭരണത്തിന്റെ ചരിത്രത്തിലേക്കുള്ള കടന്നുകയറ്റം, ഭരണഘടന തിരുത്ത് എന്നിവയാണ് നാടകത്തിലുടനീളം അരങ്ങേറിയത്‌. ലൈബ്രറിയിലെ ചരിത്രപുസ്തകങ്ങൾ മാത്രം കാർന്നുതിന്നുന്ന ഒരുകൂട്ടം എലികളെയാണ് ഫാസിസ്റ്റ് ഭരണമായി ചിത്രീകരിച്ചത്. ഇതിനെതിരെ പൊരുതുന്ന ലൈബ്രേറിയൻ സാധാരണക്കാരുടെ പ്രതിനിധിയായി. ഇയാളുടെ സഹായിയായി എലികളെ കൊല്ലാനെത്തുന്ന കേശവൻനായർ സർവ ആയുധവുമെടുത്ത് പൊരുതുന്നുണ്ട്. പൗരത്വം തെളിയിക്കാൻ സാധിക്കാതെ ഇരുട്ടുമുറിയിൽ അഭയംതേടിയ സ്ത്രീയുടെ സ്പന്ദനമായി ആഷ്നയുടെ കഥാപാത്രം മാറി. ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യ നിഷേധത്തിനെതിരായ പോരാട്ടവും പൗരത്വം തെളിയിക്കേണ്ടത് വ്യക്തിയുടെ ബാധ്യതയായി മാറുന്നത്‌ എങ്ങനെയെന്നും അരങ്ങിലെത്തിച്ചാണ്‌ നാടകം അവസാനിക്കുന്നത്. മനോജ് ആർ ചന്ദ്രൻ സംവിധാനവും മധു ജി ചേർത്തല രചനയും നിർവഹിച്ചു. അനന്തുകൃഷ്ണൻ, കരിഷ്മ ഷാലിമാർ, ബി അമൽകൃഷ്ണ, അമൽ സോണി, അമൽ ഹരി, ഗോപികൃഷ്ണൻ, ആർ അശ്വിൻ, ആദിനാരായൺ, അജയ്‌കൃഷ്ണൻ, ആനന്ദ്‌ കൃഷ്ണ എന്നിവരാണ്‌ അഭിനേതാക്കൾ. 11 ഉപജില്ലകളിൽനിന്ന് നാലുടീമുകൾ മാത്രമാണ് പങ്കെടുത്തത്. ശക്തമായ പോരാട്ടം ഇല്ലായിരുന്നുവെന്നും ചിലത്‌ നാടകത്തിന്റെ സ്വഭാവം പുലർത്തിയില്ലെന്നും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home