ആരോപണവുമായി മഹിളാ കോൺഗ്രസിലെ അനിത അനീഷ്
രമ്യാ ഹരിദാസും അമ്മയും ചേർന്ന് സീറ്റ് തട്ടിയെടുത്തെന്ന്

കുന്നമംഗലം
കെപിസിസി വൈസ് പ്രസിഡന്റും മുൻ എംപി രമ്യാ ഹരിദാസും അമ്മ രാധാ ഹരിദാസും ചേർന്ന് സീറ്റ് തട്ടിയെടുത്തെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകയും കോൺഗ്രസ് വിമത സ്ഥാനാർഥിയുമായ അനിത അനീഷ് പറഞ്ഞു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 14 പുവ്വാട്ടുപറമ്പ് ഡിവിഷനിൽ ആദ്യം സ്ഥാനാർഥിയായി ഡിസിസി തന്നെ പ്രഖ്യാപിച്ചെന്നും ഇതനുസരിച്ച് വീട് കയറി പ്രചാരണവും ബോർഡുകളും സോഷ്യൽ മീഡിയയിൽ പ്രചാരണവും നടത്തി. എന്നാൽ രാധാ ഹരിദാസ് ഡിസിസിക്ക് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കുകയും ഇതോടെ കോൺഗ്രസ് നേതൃത്വം തന്നെ ഒഴിവാക്കി രാധാ ഹരിദാസിന് സീറ്റ് നൽകുകയും ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് രമ്യാ ഹരിദാസാണെന്ന് അവർ പറഞ്ഞു. ആദ്യമേ പുവ്വാട്ടുപറമ്പ് ഡിവിഷനിലേക്ക് രാധാ ഹരിദാസിന്റെ പേര് വന്നതോടെ കോൺഗ്രസ്– ലീഗ് പ്രവർത്തകർ വലിയ പ്രതിഷേധത്തിലായിരുന്നു. ഇതോടെയാണ് അനിത അനീഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. രാധാ ഹരിദാസിന്റെ ആത്മഹത്യാ ഭീഷണിയോടെ അനിത അനീഷിന്റെ സ്ഥാനാർഥിത്വം തെറിച്ചു. ഇതോടെ ഇവർ വിമത സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. പിൻവലിക്കാൻ കടുത്ത സമ്മർദം ഉണ്ടായെങ്കിലും ഇവർ പത്രിക പിൻവലിച്ചില്ല. സ്വതന്ത്ര സ്ഥാനാർഥിയായാണ് ഇവർ മത്സരിക്കുന്നത്. മൊബൈൽ ഫോൺ ചിഹ്നവും ഇവർക്ക് അനുവദിച്ചിട്ടുണ്ട്.









0 comments