കരുവാറ്റയ്ക്കെന്നും യുവത്വം

Karuvatta
വെബ് ഡെസ്ക്

Published on Nov 25, 2025, 12:48 AM | 1 min read

ഹരിപ്പാട്‌

തൃക്കുന്നപ്പുഴ പഞ്ചായത്തും കരുവാറ്റ പഞ്ചായത്തിലെ 14, കുമാരപുരത്തെ 15, കാർത്തികപ്പള്ളി പഞ്ചായത്തിന്റെ ആറു വാർഡുകളും ചേർന്നതാണ്‌ ജില്ലാ പഞ്ചായത്ത്‌ കരുവാറ്റ ഡിവിഷൻ. എല്ലാക്കാലത്തും യുവാക്കൾക്കൊപ്പം നിൽക്കുന്ന ചരിത്രമുള്ള ഡിവിഷനിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. അനിലാ രാജുവിന്റെ കന്നിപോരാട്ടം. ആദ്യജില്ലാ കൗൺസിലിൽ കരുവാറ്റയെ പ്രതിനിധീകരിച്ച അഡ്വ. ഡി ലില്ലി, തുടർന്നുവന്ന സി പ്രസാദ്‌, കേരള സർവകലാശാല യൂണിയൻ മുൻ ചെയർപേഴ്സൺ രമ്യ രമണൻ, യൂണിയൻ ജോയിന്റ്‌ സെക്രട്ടറി, സിൻഡിക്കേറ്റിലെ വിദ്യാർഥി പ്രതിനിധി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച നിലവിലെ ഡിവിഷനംഗം അഡ്വ. ടി എസ് താഹ തുടങ്ങി ഇടതുപക്ഷത്തെ യുവാക്കളെ എന്നും നെഞ്ചേറ്റിയ ചരിത്രമാണ്‌ ഡിവിഷന്‌. വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുവേദിയിലെത്തിയ അനിലയും കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായി തിളങ്ങിയ യുവനേതാവാണ്‌. ആലപ്പുഴ ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അനില സിപിഐ എം കരുവാറ്റ ലോക്കൽ കമ്മിറ്റി അംഗമാണ്. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ ഉൾപ്പടെ 13 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കരുവാറ്റ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ അഞ്ചുവർഷത്തിനിടെ നടന്നത്. ഡിവിഷൻ പരിധിയിൽ തൊഴിൽ മേള സംഘടിപ്പിച്ച് നൂറോളം പേർക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ, കുമാരപുരത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘വാദ്യശ്രീ’ ശിങ്കാരി മേളം ഗ്രൂപ്പ്‌, പല്ലന പോർക്കലി ദേവീക്ഷേത്രക്കുള നവീകരണമടക്കം നിരവധി ജലസംരക്ഷണ പ്രവർത്തനങ്ങൾ, റോഡുകളുടെ പുനർ നിർമാണം എന്നിവ പ്രധാനനേട്ടമാണ്‌. കുടിവെള്ള മേഖലയിൽ മിനി പമ്പ് ഹൗസ്, കുടിവെള്ള പൈപ്പുകളുടെ വ്യാപനം, ഹൈടെക് അങ്കണവാടികൾ, മത്സ്യബന്ധന വള്ളങ്ങൾ, അനുബന്ധ സഹായങ്ങൾ, ഫാഷൻ ഡിസൈനിങ്‌ പരിശീലനം തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കൊപ്പമാകും ഇക്കുറിയും കരുവാറ്റയുടെ ഹൃദയത്തുടിപ്പ്‌. അഡ്വ. അഭിരാമി യുഡിഎഫിനായും ശാന്തകുമാരി എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home