മറനീക്കി യുഡിഎഫിന്റെ മൗദൂദി സഖ്യം

മലപ്പുറം നഗരസഭ 25ാം വാര്‍ഡ് വലിയങ്ങാടിയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കവാടത്തില്‍ മുസ്ലിംലീഗ് പതാകയ്ക്കൊപ്പം വെല്‍ഫെയര്‍ പാര്‍ടിയുടെ പതാക കെട്ടിയപ്പോള്‍
മലപ്പുറം
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ചിത്രം പൂർത്തിയായതോടെ ജില്ലയിൽ മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും തമ്മിലുള്ള രാഷ്‌ട്രീയ സഖ്യം പകൽപോലെ വ്യക്തമായി. ജില്ലയിൽ 25 പഞ്ചായത്തിലും അഞ്ച് നഗരസഭകളിലും നാല് ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫ-്– ജമാഅത്തെ ബന്ധമാണ്. പലയിടത്തും ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിക്ക് യുഡിഎഫ് വാരിക്കോരി സീറ്റുകൾ നൽകി. കഴിഞ്ഞ തവണ നൽകിയതിന്റെ ഇരട്ടിയിലധികം സീറ്റുകൾ നൽകിയാണ് യുഡിഎഫിന്റെ മൗദൂദി സ്‌നേഹം. പലയിടത്തും ജമാഅത്തെ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും നേതാക്കളുടെ ഭാര്യമാരുമാണ് വെൽഫെയർ സ്ഥാനാർഥികൾ. തിരൂർ നഗരസഭ 22 –ാം വാർഡിൽ ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിദ്യാർഥി സംഘടനയായ ജിഐഒ നേതാവാണ് യുഡിഎഫ് സ്ഥാനാർഥി. ലീഗ് മുനിസിപ്പൽ സെക്രട്ടറിയുടെ വീട് ഉൾപ്പെടുന്ന വാർഡാണിത്. പരപ്പനങ്ങാടി നഗരസഭയിൽ വെൽഫെയറിന് രണ്ട് സീറ്റ് നൽകി. കഴിഞ്ഞവർഷം ഒരു സീറ്റായിരുന്നു. മൂന്നിയൂർ പഞ്ചായത്തിൽ 24 –ാം വാർഡിൽ യുഡിഎഫ് സ്വതന്ത്രയെന്ന പേരിൽ വെൽഫെയർ സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. നാമനിർദേശ പത്രികയിൽ ഒപ്പിട്ടത് വെൽഫെയർ നേതാക്കളാണ്. ഈ വാർഡിൽ ബിജെപിക്കും സ്ഥാനാർഥിയില്ല. താനൂർ നഗരസഭയിൽ യുഡിഎഫ് സ്വതന്ത്രരായി രണ്ടിടത്ത് വെൽഫെയർ രംഗത്തുണ്ട്. നിറമരുതൂർ പഞ്ചായത്തിൽ കഴിഞ്ഞതവണ ഒരു സീറ്റാണ് അനുവദിച്ചത്. ഇത്തവണ ബ്ലോക്ക് ഡിവിഷനും വെൽഫെയറിന് നൽകി. പൊന്മുണ്ടത്ത് ലീഗ് പിന്തുണയിലാണ് വെൽഫെയർ മത്സരം. നന്നമ്പ്രയിൽ രണ്ട് സീറ്റ് നൽകി. നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇവിടെ ലീഗ് പ്രവർത്തകൻ വിമത സ്ഥാനാർഥിയാണ്. മാറഞ്ചേരിയിൽ പഞ്ചായത്തിലെ 13, 14 വാർഡുകളിലാണ് വെൽഫെയർ യുഡിഎഫ് മുന്നണിയിൽ മത്സരിക്കുന്നത്. ലീഗും കോൺഗ്രസും ഓരോ സീറ്റുകൾ വിട്ടുനൽകി. വെളിയങ്കോട്ടെ പ്രമുഖ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകളാണ് 13–ാം വാർഡിൽ. പുറത്തൂർ പഞ്ചായത്തിൽ വെൽഫെയർ പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് ഏഴിടത്ത് സ്വതന്ത്രന്മാരെയാണ് മത്സരിപ്പിക്കുന്നത്. കൽപ്പകഞ്ചേരിയിൽ 19–ാം വാർഡിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകയും വെൽഫയർ പാർടി മണ്ഡലം ഭാരവാഹിയുടെ ഭാര്യയുമായ ഷഹർബാനുവാണ് യുഡിഎഫ് സ്ഥാനാർഥി. വളവന്നൂർ 18 –ാം വാർഡിൽ ഇകെ സുന്നി വിഭാഗക്കാരി അനീഷ കടലായിയെ വെൽഫെയർ പാർടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിപ്പിക്കുന്നത്. ഇതിൽ ഇകെ വിഭാഗത്തിന് കടുത്ത അതൃപ്‌തിയുണ്ട്. വെട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകൾ വെൽഫെയറിന് നൽകി. തലക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിലവിലെ ലീഗ് വാർഡ് അംഗത്തിന്റെ മകന്റെ ഭാര്യ വെൽഫെയർ സ്വതന്ത്രയാണ്.
എസ്‌ഡിപിഐ സഖ്യം
പൊന്നാനി നഗരസഭയിൽ യുഡിഎഫ്– എസ്‌ഡിപിഐ സഖ്യം. 25–ാം വാർഡിലാണ് യുഡിഎഫ് മതതീവ്രവാദ പ്രസ്ഥാനമായ എസ്‌ഡിപിഐയുമായി കൈകോർത്തത്. കഴിഞ്ഞ തവണ 150ലധികം വോട്ടുകൾ നേടിയ എസ്ഡിപിഐ ഇത്തവണ ഇവിടെ സ്ഥാനാർഥിയെ നിർത്തിയില്ല. പരസ്‌പര ധാരണയുടെ ഭാഗമായി കോൺഗ്രസ് കൈപ്പത്തി ചിഹ്നത്തിന് പകരം സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്.








0 comments