ജില്ലാ പഞ്ചായത്ത് ഡിവിഷൻ
മാറാനുറച്ച് താനാളൂർ

താനൂർ
നിറമരുതൂർ പഞ്ചായത്തിലെ 19, താനാളൂർ പഞ്ചായത്തിലെ 24, ഒഴൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 17, 18, 19, 20, 21, പൊന്മുണ്ടം പഞ്ചായത്തിലെ 15 വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ. മുസ്ലിംലീഗ് പ്രതിനിധികൾ ജയിച്ചുവരുന്ന ഡിവിഷനാണിത്. ഇത്തവണ പട്ടികജാതി വനിതാ സംവരണമാണ്. ഒഴൂർ കുറുവട്ടിശേരി സ്വദേശി കെ പി രാധയാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം താനൂർ ഏരിയാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടീവ് അംഗം, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയംഗം, പികെഎസ് ഏരിയാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഒഴൂർ പഞ്ചായത്തില്‍ 2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വാർഡ് എല്‍ഡിഎഫ് പിടിച്ചെടുത്തത് രാധയിലൂടെയാണ്. യുഡിഎഫ് നേതൃത്വം വികസന പ്രവർത്തനങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. ജില്ലാ പഞ്ചായത്തിലെ അഴിമതിയിലും ജനങ്ങള്‍ പൊറുതിമുട്ടി. കഴിഞ്ഞ ഒമ്പതര വർഷമായി താനൂർ നിയോജക മണ്ഡലത്തിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വേങ്ങര കണ്ണമംഗലം സ്വദേശി അഡ്വ. എ പി സ്‌മിജിയാണ് യുഡിഎഫ് സ്ഥാനാർഥി. തിരുന്നാവായ രാങ്ങാട്ടൂർ സ്വദേശി അനിത പ്രഭാകരനാണ് എൻഡിഎ സ്ഥാനാർഥി.








0 comments