കുരുന്നുപൂവുകൾക്ക് കരുതലുമായി

കൊല്ലം ആശ്രാമം വടക്കുംഭാഗം റോയൽ നഗർ അങ്കണവാടിയിൽ നിന്ന്
അഖിൽ സദാശിവൻ
Published on Nov 25, 2025, 12:27 AM | 1 min read
കൊല്ലം
"കുഞ്ഞുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുക്കണം' റീലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ആഘോഷിക്കപ്പെട്ട സിനിമാ ഡയലോഗാണിത്. എന്നാൽ, കേവലം സിനിമ ഡയലോഗിനപ്പുറം ഈ വാക്കുകൾ അർഥവത്താക്കിയത് സംസ്ഥാന സർക്കാരാണ്. തങ്ങളുടെ ആഗ്രഹങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും അനുഭാവപൂർവം പരിഗണിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസമന്ത്രിയും ആരോഗ്യ മന്ത്രിയും ഉൾപ്പെടെയുള്ളവരുടെ ഇടപെടലിലൂടെ കുട്ടികളും ഹാപ്പി. അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരണം ഉൾപ്പെടെ ഇതിന് തെളിവാണ്. "മുൻ കാലങ്ങളിലേതുപോലെയല്ല, കാര്യങ്ങളാകെ മാറി. സ്മാർട്ട് കെട്ടിടങ്ങളും പഠന, കളി ഉപകരണങ്ങൾ, കുരുന്നുകളെ പൊന്നുപോലെ നോക്കുന്ന ജീവനക്കാർ, മികച്ച ഭക്ഷണം. ഇതെല്ലാമായപ്പോൾ കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും ഏറെ സന്തോഷത്തിലാണ് '. ആശ്രാമം ഡിബി എൽപിഎസ് 128 –-ാം നമ്പർ അങ്കണവാടിയിലെ വിദ്യാർഥിയായ ആർന അരുണിന്റെ അമ്മ അഞ്ജലി പത്മന്റെ വാക്കുകൾ. കൊല്ലം നഗരത്തിൽമാത്രം കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് 44 അങ്കണവാടികളാണ് സ്മാർട്ടാക്കിയത്. ഒരു അങ്കണവാടിക്ക് ഒരുലക്ഷം രൂപവീതം 44ലക്ഷം രൂപയാണ് ചെലവഴിച്ചത്. അഞ്ചുവർഷത്തിനിടെ 20അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചുനൽകി. 2025-–26ൽ 30 അങ്കണവാടികൾക്ക് സ്ഥലംവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കി. പോഷകാഹാര വിതരണത്തിനായി ആറുകോടി രൂപയാണ് ചെലവഴിച്ചത്. ഫർണിച്ചർ, അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി 20ലക്ഷവും വിനിയോഗിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ എട്ട് അങ്കണവാടികളും സ്മാർട്ടാക്കി. സ്വന്തമായി സ്ഥാപനമില്ലാത്തവയ്ക്ക് വാടക ഇനത്തിൽ 6000രൂപയാണ് വനിതാ ശിശുവികസന വകുപ്പ് നൽകുന്നത്. ബാക്കി തുക നഗരസഭ നൽകുന്നു. ടിവി, വാട്ടർ പ്യൂരിഫയര്‍, മ്യൂസിക് സിസ്റ്റം, ശിശു സൗഹൃദ പെയിന്റിങ്ങ്, കുട്ടികളുടെ ഉയരത്തിനൊത്ത ഫർണിച്ചര്‍, മികച്ച കളി ഉപകരണങ്ങൾ എന്നിവയാണ് സ്മാർട്ട് അങ്കണവാടിയുടെ പ്രത്യേകത.








0 comments