അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി നേതൃത്വം
കോൺഗ്രസ് നേതാവ് പാർടി വിട്ടു

ചാത്തന്നൂർ
ചിറക്കരയിൽ അവസാന നിമിഷം കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിയെ മാറ്റിയതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പാർടി വിട്ടു. ചിറക്കര പഞ്ചായത്ത് അംഗവും ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് ചാത്തന്നൂർ ഡിവിഷൻ സ്ഥാനാർഥിയുമായിരുന്ന ഉളിയനാട് ജയനാണ് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നത്. ചാത്തന്നൂർ ഡിവിഷനിലേക്കുള്ള കോൺഗ്രസിന്റെ --ഒൗദ്യോഗിക സ്ഥാനാർഥിയായിരുന്നു ഉളിയനാട് ജയൻ. പാർടി നിർദേശപ്രകാരം നേതാക്കൾക്ക് ഒപ്പം പത്രിക നൽകി, അഭ്യർഥനയും പോസ്റ്ററും അടിച്ചു. ഡിവിഷനിലുടനീളം കോൺഗ്രസ് പ്രവർത്തകരോടൊപ്പം അഭ്യർഥന നടത്തി പ്രചാരണം പകുതി പിന്നിട്ട ഘട്ടത്തിലാണ് ഡിസിസിയുടെ പുതിയ തീരുമാനം വന്നത്. ആദ്യം പത്രിക നൽകിയ ഉളിയനാട് ജയനെ മാറ്റി ദിലീപ് ഹരിദാസനെ ഒൗദ്യോഗിക സ്ഥാനാർഥിയാക്കി ചിഹ്നവും അനുവദിച്ചു. തുടർന്നായിരുന്നു ജയന്റെ രാജി. നിയോജക മണ്ഡലം കോർ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഏകകണ്‌ഠമായി തീരുമാനിച്ചതായിരുന്നു ജയന്റെ സ്ഥാനാർഥിത്വം. ചിഹ്നം കിട്ടിയ ദിലീപ് ഹരിദാസൻ പ്രചാരണം തുടങ്ങിയതോടെ കോൺഗ്രസിൽ പ്രതിഷേധം ഉയർന്നു. കൂട്ടരാജിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. പത്രിക പിൻവലിക്കുന്ന അവസാന നിമിഷവും പലർക്കും ചിഹ്നത്തിനുള്ള പേപ്പർ ലഭിക്കാത്തത് കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് പാർടിയുടെ പ്രാർഥിക അംഗത്വത്തിൽനിന്നും ഭാരവാഹിത്വത്തിൽനിന്നും രാജിവച്ചതായി ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദിനെ നേരില്‍കണ്ട് രേഖാമൂലം അറിയിച്ചതായി ഉളിയനാട് ജയൻ അറിയിച്ചു. മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രവർത്തകനായിരുന്ന ജയൻ കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പ് സമയത്താണ് കോൺഗ്രസിൽ ചേർന്നത്.









0 comments