തലയുയർത്തി തൃക്കൊടിത്താനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2025, 12:25 AM | 1 min read

ചങ്ങനാശേരി ​തൃക്കൊടിത്താനം പഞ്ചായത്തിലെ 22 വാർഡും പായിപ്പാട് പഞ്ചായത്തിലെ 17 വാർഡും മാടപ്പള്ളി പഞ്ചായത്തിലെ ആറ് വാർഡും വാഴപ്പള്ളി പഞ്ചായത്തിലെ രണ്ട്‌ വാർഡും ഉൾപ്പെടെ 47 വാർഡുകൾ ചേരുന്നതാണ് ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ. കഴിഞ്ഞ തവണ നേടിയ റെക്കോഡ്‌ ഭൂരിപക്ഷത്തോടെയുള്ള വിജയം ആവർത്തിക്കാൻ എൽഡിഎഫ്‌ സ്ഥാനാർഥിയായി മഞ്ജു സുജിത്ത്‌ തന്നെയാണ്‌ ഇത്തവണയും മത്സരത്തിനിറങ്ങുന്നത്‌. ഡിവിഷനിൽ തുടർച്ചയായി നാല്‌ ടേമിലായി വിജയിച്ചതും നാലിൽ മൂന്ന്‌ പഞ്ചായത്തിൽ ഭരണത്തിലിരിക്കുന്നുവെന്നതും എൽഡിഎഫ്‌ വിജയത്തുടർച്ച ഉറപ്പാക്കുന്നു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കൂടിയായ മഞ്ജു സുജിത്ത്‌ കഴിഞ്ഞകാലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. തൃക്കൊടിത്താനം പഞ്ചായത്തിൽ 5.4 കോടി രൂപയുടെയും പായിപ്പാട് 5.5 കോടി രൂപയുടെയും മാടപ്പള്ളിയിൽ 1.29 കോടി രൂപയുടെയും വാഴപ്പള്ളിയിൽ 40 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ 12.29 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ ഡിവിഷനിലാകെ നടത്തിയത്‌. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ വൈസ് പ്രസിഡന്റും സിപിഐ എം തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയംഗവുമാണ്‌. കേരളാ കോൺഗ്രസ്‌ ഉന്നതാധികാര സമിതിയംഗമായ വിനു ജോബാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. എൽഡിഎഫിനൊപ്പം രണ്ട്‌ തവണ ബ്ലോക്ക്‌ പഞ്ചായത്തംഗമായിരുന്ന വിനു തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്നെയാണ്‌ സീറ്റ്‌ മുന്നിൽ കണ്ട്‌ യുഡിഎഫിൽ എത്തുന്നത്‌. ഇങ്ങനെ ഒരാൾക്ക്‌ സീറ്റ്‌ നൽകിയതിൽ ഒരുവിഭാഗം പ്രവർത്തകരിൽ അമർഷമുണ്ട്‌. ബിജെപി സംസ്ഥാന കൗൺസിലംഗവും മാടപ്പള്ളി പഞ്ചായത്തംഗവുമായ വി വി വിനയകുമാറാണ് ബിജെപി സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Home