ഇനി കലാരവം

ഇരിങ്ങാലക്കുട
തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം കലയുടെ കൗമാര മാസ്മരികതയില്‍ മുങ്ങി ഇരിങ്ങാലക്കുടയില്‍ റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി. ആദ്യദിവസം സ്റ്റേജിതര മത്സരങ്ങള്‍ക്കൊപ്പം അറബനമുട്ട്, ദഫ്മുട്ട്, കുച്ചിപ്പുടി, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം, ചാക്യാര്‍കൂത്ത്, നാടകം, ഇംഗ്ലീഷ് സ്‌കിറ്റ്, പദ്യം ചൊല്ലല്‍, തായമ്പക, പഞ്ചവാദ്യം, നാഗസ്വരം, ദേശഭക്തിഗാനം എന്നിവ അരങ്ങേറി. ഓരോ വേദിയും കലാസ്വാദകരാല്‍ നിറഞ്ഞു. നവോത്ഥാനത്തിന് മുമ്പുള്ള കേരളം, മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് എഴുത്തുകാരെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന സമകാലീനാവസ്ഥ തുടങ്ങിയ പ്രമേയങ്ങളിലായിരുന്നു നാടകങ്ങള്‍. ബുധനാഴ്ച മുതല്‍ മൂന്നുനാള്‍ കൗമാര കലാപ്രകടനങ്ങളില്‍ ഇരിങ്ങാലക്കുട കൂടുതല്‍ ചെറുപ്പമാകും. രാവിലെ 9.30ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സിനിമാതാരം ജയരാജ് വാര്യര്‍ റവന്യൂജില്ലാ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. 20 വേദികളിലായാണ് മത്സരം. സംസ്‌കൃതോത്സവം നാഷണല്‍ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എല്‍ പി സ്‌കൂളിലുമാണ് നടക്കുന്നത്. ഒപ്പന, മാപ്പിളപ്പാട്ട്, അക്ഷര ശ്ലോകം, പ്രസംഗം, കേരള നടനം, ചവിട്ടുനാടകം, പരിചമുട്ടുകളി, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം, ബാന്‍ഡ് മേളം തുടങ്ങിയ മത്സരങ്ങള്‍ ബുധനാഴ്ച വിവിധ വേദികളിലായി നടക്കും. 21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യും.









0 comments