ശ്രദ്ധയുണ്ട് "നീറുന്ന ഭൂതകാലത്തിൽ'

ഇരിങ്ങാലക്കുട
ഇടയ്‌ക്കിടെ രക്തത്തില്‍ ഓക്‌സിജന്റെ അളവുകുറയും.. ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിലെ മടുപ്പിക്കുന്ന ദിവസങ്ങൾ.. ഇതിനെല്ലാം താൽക്കാലിക വിരാമമിട്ടാണ് ശ്രദ്ധ കലോത്സവവേദിയിലെത്തിയത്. തന്റെ കൂട്ടുകാർക്കൊപ്പം നാടകവേദി കീഴടക്കാൻ. ആശുപത്രിക്കിടക്കയില്‍നിന്നാണ് മാള സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രദ്ധ കെ രാജ് ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിനെത്തിയത്. കൂട്ടുകാരുടെ തീവ്രശ്രമത്തില്‍ രൂപംകൊണ്ട "നീറുന്ന ഭൂതകാലം' നാടകം അരങ്ങിലെത്തണമെന്ന വാശിയായിരുന്നു ശ്രദ്ധയ്‌ക്ക്. നാടകമെഴുതിയതും പഠിപ്പിച്ചതും പ്രധാനകഥാപാത്രമായ ജന്മിയെ അവതരിപ്പിച്ചതും കൂട്ടുകാരന്‍ അമന്‍ അന്‍സാറാണ്. മറ്റു ഗുരുക്കന്മാരാരുമില്ല. ഇക്കണ്ടന്‍ എന്ന കുടിയാന്റെ ഭാര്യ ചെമ്പകത്തെയാണ് ശ്രദ്ധ കെ രാജ് അവതരിപ്പിച്ചത്. സബ്ജില്ലാ കലോത്സവത്തിതിനുശേഷമാണ് ശ്രദ്ധയ്ക്ക് രക്തത്തില്‍ ഓക്‌സിജന്റെ അളവുകുറഞ്ഞുതുടങ്ങിയത്. നാടകത്തിനുശേഷം പുത്തന്‍ചിറ ആരോഗ്യ കേന്ദ്രത്തിലേക്ക് ശ്രദ്ധ ചികിത്സയ്‌ക്കായി മടങ്ങി.









0 comments