കെടുതികളിൽ കരുതലകാൻ കരുത്തോടെ ‘സന്നദ്ധം’

സാമൂഹിക സന്നദ്ധസേനയ്ക്ക് തൃശൂർ ഫയർ അക്കാദമിയിൽ നൽകിയ പരിശീലനം
തൃശൂർ
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇറങ്ങുന്ന സാമൂഹിക സന്നദ്ധസേനയ്ക്ക് ഇനി കൂടുതൽ കരുത്ത്. സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്ക് ഫയർ അക്കാദമിയിൽ ‘സന്നദ്ധം’ ദുരന്തനിവാരണ പരിശീലനം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നൽകിയ പരിശീലനത്തിന് പുറമെയാണ് ഫയർ അക്കാദമിയിൽ പ്രായോഗിക വിദഗ്ധ പരിശീലനം നൽകിയത്. സാമൂഹ്യ പ്രതിസന്ധികളിൽ ഓടിയെത്താൻ സന്നദ്ധപ്രവർത്തകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിൽ സംസ്ഥാന പൊതുഭരണ വകുപ്പിന്റെ കീഴിൽ സാമൂഹിക സന്നദ്ധസേനയ്ക്ക് രൂപം നൽകിയിരുന്നു. സന്നദ്ധസേന ഡയറക്ടറേറ്റ് www.sannadhasena.kerala.gov.in വെബ്സൈറ്റ് രൂപീകരിച്ച് രജിസ്ട്രേഷനും നടത്തി. സംസ്ഥാനത്ത് മൂന്നര ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ഇവർക്ക് ഓൺലൈനായും നേരിട്ടും നിശ്ചിത വിഷയങ്ങളിൽ പരിശീലനം നൽകി. രണ്ടാംഘട്ടത്തിലാണ് തെരഞ്ഞെടുത്തവർക്ക് ‘സന്നദ്ധം’ വിദഗ്ധ പരിശീലനം ആരംഭിച്ചത്. ദുരന്തനിവാരണ പരിശീലനത്തിൽ 14 ജില്ലകളിൽ നിന്നായി 12 പെൺകുട്ടികളും 23 ആൺകുട്ടികളും പങ്കെടുത്തു. സിവിൽ ഡിഫെൻസ് അക്കാദമി സ്റ്റേഷൻ ഓ-ഫീസർ പി കെ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നൽകിയത്. തുടർന്ന് എല്ലാ ജില്ലകളിലും പരിശീലനം സിദ്ധിച്ച ടീമിനെ സജ്ജമാക്കലാണ് ലക്ഷ്യമെന്ന് സാമൂഹിക സന്നദ്ധസേന പ്രോജക്ട് ഡയറക്ടർ ആര്യ അനിൽ പറഞ്ഞു. പഞ്ചായത്ത്, വാർഡ് തലങ്ങളിൽ സേനയ്ക്ക് രൂപം നൽകും. 10 വീടുകൾക്ക് ഒരു കമ്യൂണിറ്റി വളണ്ടിയർ എന്നതാണ് ലക്ഷ്യം. 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് സേനയിലുള്ളത്. ഇവരെ സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കാളികളാക്കും. പാലിയേറ്റീവ് കെയർ പ്രവർത്തനം, വാതിൽപ്പടി സേവനം, ലഹരി വിരുദ്ധ പ്രചാരണം എന്നിവയിൽ പങ്കാളികളാണെന്നും അവർ പറഞ്ഞു.









0 comments