തുറന്നിട്ടു; സാംസ്‌കാരിക കവാടം

തൃശൂർ
തൃശൂരിന്റെ സാംസ്കാരിക ചരിത്ര മഹാത്മ്യം രണ്ടായിരം വർഷങ്ങൾക്കപ്പുറത്തേക്ക് നീളും. പുരാതന ലോകത്തെ പ്രശസ്തമായ ദേശാന്തര തുറമുഖവും ഇന്ത്യയിലേക്കുള്ള കവാടവുമായിരുന്നു മുസിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ. പുരാതന ഈജിപ്തിന്റെയും മറ്റും കപ്പലുകൾ മുസിരിസ് തീരമണഞ്ഞിരുന്നു. ഇതിലൂടെ ഇന്ത്യയിലേക്ക് വാണിജ്യ ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം മാത്രമല്ല, വ്യത്യസ്ത ആശയങ്ങളും ആത്മീയ ചിന്തകളും സാംസ്കാരവും പ്രവഹിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരിന്റെ സംസ്കാര പൈതൃകം സഹിഷ്ണുതയും വൈവിധ്യമാർന്നതുമാണ്. സംഘകാലത്തെ പലകൃതികളും ഇവിടെ രചിക്കപ്പെട്ടു. പിൽക്കാലത്ത് ജൈന–ബുദ്ധമതങ്ങളുടെ കാലത്തും തൃശൂർ പ്രധാനകേന്ദ്രമായി. ആദ്യമായി ജൂതന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരാണെന്ന് പറയപ്പെടുന്നു. മുസ്ലീങ്ങളുടെ ആദ്യ പള്ളിയായ ചേരമാൻ ജുമാമസ്ജിദ് കൊടുങ്ങല്ലൂരിലാണ്. മധ്യകേരളത്തിലാണ് തൃശൂരിന്റെ സ്ഥാനം. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകൾക്കും തെക്ക്കിഴക്ക് തമിഴ്നാട് അതിർത്തിക്കും മധ്യത്തിലാണ് ജില്ല. പടിഞ്ഞാറ് 54 കിലോമീറ്റർ കടൽത്തീരം. കിഴക്ക് മലകളും കൊടുമുടികളും നിറഞ്ഞ സഹ്യപർവതത്തെ തൊട്ടുകിടക്കുന്നു. ജൈവവൈവിധ്യംകൊണ്ടും വിസ്തൃതമായ വനഭൂമികളും ജലസമൃദ്ധമായ നദികളും മലനിരകളും ഇടനാടൻ സമതലങ്ങളുമടങ്ങുന്ന സമ്മിശ്ര ഭൂപ്രകൃതി. നാട്ടുരാജ്യമായ കൊച്ചിയുടെ ഭരണത്തിന്റെ കീഴിലായിരുന്നു തൃശൂർ ഉൾപ്പെട്ടിരുന്നത്. അക്കാലത്ത് കോവിലകത്തുംവാതുക്കൽ എന്ന 10 താലൂക്കുകളായി കൊച്ചി വിഭജിക്കപ്പെട്ടിരുന്നു. 1860ൽ ഈ താലൂക്കുകൾ പുനഃസ്ഥാപിച്ച് ആറ് താലൂക്കുകളാക്കി. ഇൗ ആറ് താലൂക്കുകളും കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളും ചേർത്ത് 1949 ജൂലൈ ഒന്നിന് തൃശൂർ, തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി. കേരള സംസ്ഥാനം നിലവിൽവന്ന ശേഷം 1957ൽ മലബാറിനെ മൂന്നു ജില്ലകളിലായി പുനർ നിർണയിച്ചു. ചാവക്കാട് താലൂക്ക് തൃശൂർ ജില്ലയോട് കൂട്ടിച്ചേർത്തു. ചിറ്റൂർ വേർപെടുത്തി. 1958 ഏപ്രിലിൽ തൃശൂരിന്റെ ഭാഗമായിരുന്ന കണയന്നൂർ, കൊച്ചി, കുന്നത്തുനാട് താലൂക്കുകൾ എറണാകുളം ജില്ലയുടെ ഭാഗമായി. പ്രധാന നെല്ലുൽപ്പാദന ജില്ലകളിലൊന്നാണ് തൃശൂർ. കോൾനിലങ്ങളിലെയും പാടശേഖരങ്ങളിലെയും നെൽകൃഷിയും തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി കൃഷികളും ജില്ലയുടെ കാർഷിക വരുമാനമാണ്. ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി, പീച്ചി, വാഴാനി, പൂമല, പത്താഴക്കുണ്ട്, അസുരൻകുണ്ട് തുടങ്ങി അണക്കെട്ടുകളാൽ ജലസമൃദ്ധം. സ്വർണവ്യാപാരത്തിനും പേരുകേട്ട സ്ഥലമാണ് തൃശൂർ. കുത്താമ്പുള്ളി കൈത്തറി ലോകപ്രസിദ്ധമാണ്. കൊച്ചിയിൽ നിന്നുള്ള ജലഗതാഗതം തൃശൂർ വഞ്ചിക്കുളം വരെയുണ്ടായിരുന്നു. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, കലാമണ്ഡലം, സ്‌കൂൾ ഓഫ് ഡ്രാമ, ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ആരോഗ്യ സർവകലാശാല, കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, കേരള ഗവേഷണ കേന്ദ്രം, കേരള എൻജിനിയറിങ് ഗവേഷണ കേന്ദ്രം എന്നിങ്ങനെ സാംസ്‌കാരിക– വിദ്യാഭ്യാസ മേഖലകളാൽ നിറവ്. ഗുരുവായൂർ ക്ഷേത്രം, തൃപ്രയാർ ക്ഷേത്രം, കൊടുങ്ങല്ലൂർ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം, പുത്തൻപള്ളി, തൃശൂർ മാർത്തമറിയം വലിയപള്ളി ആരാധനാലയങ്ങൾ പ്രശസ്‌തം. അതിരപ്പിള്ളി ഉൾപ്പെടെ ലോകടൂറിസം ഭൂപടത്തിലും തൃശൂരിന് പ്രധാന സ്ഥാനമാണുള്ളത്.









0 comments