കടംകൊടുത്ത തുക തിരിച്ചുചോദിച്ചതിന് വീട്ടിൽക്കയറി വെട്ടി

അന്തിക്കാട്
കടം കൊടുത്ത 3000 രൂപ തിരികെ ചോദിച്ചതിനെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. അന്തിക്കാട് പുത്തൻപീടിക സ്വദേശികളായ പള്ളത്തി വീട്ടിൽ കുട്ടപ്പായി എന്നറിയപ്പെടുന്ന രാഗേഷ് (26), പുളിക്കൽ വീട്ടിൽ സന്തോഷ് (56), പുളിക്കൽ വീട്ടിൽ യദുകൃഷ്ണൻ (28), പുളിക്കൽ വീട്ടിൽ ശിവനന്ദൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.50 ഓടെ അന്തിക്കാട് സ്വദേശിയായ തണ്ടിയേക്കൽ വീട്ടിൽ നവീൻ (39) നെയാണ് അന്തിക്കാടുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്. നവീനിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പ്രതികളായ സന്തോഷ്, യദുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ. ഇവരുടെ സുഹൃത്താണ് കുട്ടപ്പായി. ഇവരുടെ ബന്ധുവാണ് ശിവനന്ദൻ. നവീനിന്റെ ഭാര്യ 3000 രൂപ സന്തോഷിന്റെ ഭാര്യക്ക് കടം കൊടുത്തിരുന്നു. രണ്ടുദിവസം മുമ്പ് ഈ പണം തിരിച്ചു ചോദിച്ചു. അതിനെ ചൊല്ലി ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് പ്രതികൾ നവീന്റെ വീട്ടിലെത്തിയത്. കുട്ടപ്പായി ആണ് നവീനെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്. രാഗേഷ്, യദുകൃഷ്ണൻ, ശിവനന്ദൻ എന്നിവർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലെ പ്രതികളാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കേഴ്സൺന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments