രണ്ടാംദിനവും സ്റ്റാര്‍ക്ക് വേട്ട തുടങ്ങി; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ലീഡ്

സാക് ക്രൗളിയുടെ വിക്കറ്റ് നേടിയ മിച്ചെൽ സ്‌റ്റാർക്കിന്റെ ആഘോഷം | Photo: AFP
പെർത്ത്: കൊണ്ടും കൊടുത്തും മുന്നേറിയ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 132 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. രണ്ടാംദിനം കളി ആരംഭിച്ചപ്പോൾ അവശേഷിച്ച ഒരുവിക്കറ്റ് കൂടി വീഴ്ത്തി ഇംഗ്ലണ്ട് 40 റൺസിന്റെ ലീഡ് നേടി. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. രണ്ടാംദിനത്തിൽ 45.2 ഓവറിൽ നതാന്‍ ലിയോണിനെ മടക്കി ബ്രയ്ഡന്‍ കര്‍സ് ഓസീസ് ഇന്നിങ്‌സിനു തിരശീലയിട്ടു.
ആദ്യ ഇന്നിങ്സ് പോലെ തന്നെ ത്രില്ലടിപ്പിക്കുന്നതാണ് രണ്ടാം ഇന്ന്ങിസും. ബാറ്റിങ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണര്‍ സാക് ക്രൗളിയെ നഷ്ടമായി. ആദ്യദിനത്തിലെ വിക്കറ്റ് വേട്ടക്കാരൻ മിച്ചെൽ സ്‌റ്റാർക്കാണ് ക്രൗളി പവലിയനിലേക്ക് തിരിച്ചുകയറ്റിയത്. ബെൻ ഡെക്കറ്റും (37 പന്തിൽ 28 റൺസ്) ഒല്ലി പോപ്പുമാണ് (48 പന്തിൽ 24 റൺസ്) ക്രിസീൽ.
പേസ് ബൗളർമാരുടെ താണ്ഡവത്തിൽ നടുങ്ങിയ പെർത്തിലെ പിച്ചിൽ ആദ്യ ദിനം വീണത് 19 വിക്കറ്റുകളായിരുന്നു. ഇംഗ്ലണ്ടിന്റെ പത്ത്. ഓസ്‌ട്രേലിയയുടെ ഒമ്പത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 172 റണ്ണിന് പുറത്തായി. മറുപടിയായി 123 റൺ എടുക്കുമ്പോഴേക്കും ഓസ്‌ട്രേലിയയുടെ ഒമ്പത് വിക്കറ്റുകൾ നഷ്‌ടപ്പെട്ടു.
ഏഴ് വിക്കറ്റുമായി കളംവാണ ഇടംകൈയൻ പേസർ മിച്ചെൽ സ്‌റ്റാർക്കാണ് ഓസീസിന്റെ വീരനായത്. ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ മറുപടി നൽകി.








0 comments