ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്; അവർ നുഴഞ്ഞുകയറി തകർക്കും: മുന്നറിയിപ്പുമായി സമസ്ത

ഉമർ ഫൈസി മുക്കം (File)
കോഴിക്കോട്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിർത്തണമെന്ന് ആവർത്തിച്ച് സമസ്ത. ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി സമസ്‌തയെയും വിശ്വാസികളെയും നശിപ്പിക്കും, അവരോട് അകലം പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർടിയുമായി വിവിധിയിടങ്ങളിൽ യുഡിഎഫ് സഖ്യമുണ്ടാക്കുമ്പോഴാണ് സമസ്തയുടെ മുന്നറിയിപ്പ്.
മറ്റ് നിലയ്ക്കൊക്കെ പ്രവർത്തിച്ചുനോക്കി ആളെക്കിട്ടാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപാർടിയുമായി വന്നത്. എവിടെയുമില്ലാത്ത പാർടിയുമായി കൂട്ടുപിടിക്കരുത്. രാഷ്ട്രീയത്തിന്റെ പേരിൽ നുഴഞ്ഞുകയറാനാണ് അവർ ശ്രമിക്കുക. അങ്ങനെ വന്നാൽ സമസ്‌തയെയും വിശ്വാസികളെയും ഇസ്ലാമിനെയാകെയും അവർ തകർക്കും- ഉമർ ഫൈസി മുക്കം പറഞ്ഞു.
വെൽഫെയർ പാർടിയുമായി മലപ്പുറം ജില്ലയിൽ മാത്രം മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളിലാണ് യുഡിഎഫ് സഖ്യമുള്ളത്. മലപ്പുറം കോഡൂർ പഞ്ചായത്തിൽ വെൽഫെയർ സ്ഥാനാർഥിയെ യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാർഥിയായി, ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മുസ്ലീംലീഗ്–വെൽഫെയർ സഖ്യം ആദ്യം പ്രഖ്യാപിച്ചത് പൊന്മുണ്ടത്ത്. കൂട്ടിലങ്ങാടിയിൽ നാല് സീറ്റാണ് വെൽഫെയറിന്. വളാഞ്ചേരി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും അങ്ങാടിപ്പുറം, മേലാറ്റൂർ, മക്കരപ്പറമ്പ്, വെട്ടത്തൂർ, വെട്ടം, കീഴാറ്റൂർ, ഏലംകുളം, പറപ്പൂർ, കണ്ണമംഗലം, എടപ്പാൾ, എടയൂർ, മമ്പാട് പഞ്ചായത്തുകളിലും സഖ്യം ഉറപ്പിച്ചു. പടപ്പറമ്പ്, നിറമരുതൂർ ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനുവേണ്ടി വെൽഫെയർ പാർടിയാണ് മത്സരിക്കുന്നത്.
വെട്ടത്ത് ജമാഅത്തെ ബന്ധത്തിൽ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കർ പറവണ്ണ രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ് വാർഡ് വെൽഫെയറിന് നൽകിയതിൽ പ്രതിഷേധിച്ച് കൗൺസിലർ പി പി റഹ്‌മത്തുള്ള രാജിവച്ചു. നന്നമ്പ്രയിൽ സിറ്റിങ് സീറ്റ് വെൽഫെയറിന് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് ഫൈസൽ കുഴിമണ്ണ വിമതനായി.
കൂട്ടിലങ്ങാടിയിൽ വെൽഫെയറുമായി ചേർന്നാണ് യുഡിഎഫ് ഭരണം. പറപ്പൂരിൽ വെൽഫെയർ അംഗം സ്ഥിരംസമിതി ചെയർപേഴ്‌സണായിരുന്നു. 2020ൽ പലയിടത്തും സ്വതന്ത്രരായാണ് വെൽഫെയർ മത്സരിച്ചതെങ്കിൽ ഇത്തവണ സ്വന്തം ചിഹ്നത്തിലാണ്.








0 comments