തിരുവനന്തപുരത്ത് പത്തൊമ്പതുകാരൻ കുത്തേറ്റുമരിച്ച സംഭവം; ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം : യുവാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികളുമായി കന്റോൺമെന്റ് പൊലീസ് ശനിയാഴ്ച തെളിവെടുപ്പ് നടത്തും. അജിൻ (27, ജോബി), സന്ദീപ് ഭവനിൽ അഭിജിത്ത് (26), കിരൺ (26,ചക്കുമോൻ), വലിയവിള സ്വദേശി നന്ദു (27,ജോക്കി), അഖിൽലാൽ (27, ആരോൺ), സന്ദീപ് ഭവനിൽ സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ പൊലീസ് 23 വരെ കസ്റ്റഡിയിൽ വാങ്ങി. കൊലപാതകം നടന്ന തൈക്കാട് ശാസ്താംകോവിലിന് സമീപമെത്തിച്ച് തെളിവെടുക്കും. സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു.
കൊലപാതകക്കേസിലെ മുഖ്യ ആസൂത്രകനായ പ്ലസ്ടു വിദ്യാർഥിക്കായി കസ്റ്റഡി അപേക്ഷ ഉടൻ നൽകും. പ്രായപൂർത്തിയാകാത്തതിനാൽ ജഗതി സ്വദേശിയായ പതിനാറുകാരനെ പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. തിങ്കൾ വൈകിട്ട് അഞ്ചിനാണ് തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം തമ്പാനൂർ അരിസ്റ്റോ ജങ്‌ഷൻ തോപ്പിൽ ഡി47ൽ സുവിശേഷ വിദ്യാർഥി അലനെ (19) സംഘംചേർന്ന് മർദിച്ചശേഷം കുത്തിക്കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, സംഘം ചേർന്നുള്ള സംഘർഷം എന്നീ വകുപ്പുകളിൽ കേസ് ചുമത്തിയിട്ടുണ്ട്. തർക്കം നടക്കുന്നതിനിടെ സുഹൃത്തുക്കൾക്കൊപ്പം എത്തിയ അലൻ പ്രതികളോട് മാറിപ്പോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ രണ്ടാം പ്രതി അഭിജിത്ത് അലനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. അജിൻ ഇടുപ്പിൽ കരുതിയിരുന്ന കമ്പിപോലുള്ള മൂർച്ചയേറിയ ആയുധംകൊണ്ട് അലന്റെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നു. ഈ ആയുധവും കണ്ടെടുക്കാനുണ്ട്.








0 comments