ട്രംപ് ഫാസിസ്റ്റാണോ എന്ന് ചോദ്യം; മംദാനി ഉത്തരം പറയുംമുൻപേ ഇടപെട്ട് ട്രംപ് | Video

വൈറ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപും സൊഹ്‌റാന്‍ മംദാനിയും വാർത്താസമ്മേളനത്തിൽ
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഫലപ്രദമായ കൂടിക്കാഴ്ച ആയിരുന്നു എന്ന് ഇരുവരും വിശേഷിപ്പിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മംദാനിയും ട്രംപും മറുപടി നൽകി.
ട്രംപിനെ ഒരു ഫാസിസ്റ്റായി കണക്കാക്കുന്നുണ്ടോ എന്നായിരുന്നു മംദാനിയോടുള്ള ചോദ്യങ്ങളിൽ ഒന്ന്. എന്നാൽ മംദാനി മറുപടി പറയാൻ തുടങ്ങിയ ഉടനെ ട്രംപ് പ്രസിഡന്റ് ഇടപെടുകയും ചോദ്യത്തെ ചിരിച്ചുതള്ളി ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. "ഞാൻ സംസാരിച്ചിട്ടുണ്ട്- എന്ന് പറഞ്ഞ് ആരംഭിക്കുകയായിരുന്നു മംദാനി. ഉടനെ ട്രംപ് അദ്ദേഹത്തെ തടസ്സപ്പെടുത്തി. "സാരമില്ല, നിങ്ങൾക്ക് 'അതെ' എന്ന് മാത്രം പറയാം. വിശദീകരിക്കുന്നതിനേക്കാൾ എളുപ്പമാണത്. എനിക്കൊരു പ്രശ്നവുമില്ല,"- ട്രംപ് പറഞ്ഞു.
ട്രംപുമായി ധാരാളം വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്നും, എന്നാൽ കൂടിക്കാഴ്ച അവയെക്കുറിച്ചായിരുന്നില്ലെന്നും മംദാനി പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. നിലപാടുകളും കാഴ്ചപ്പാടുകളും ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്തമാണ്, പക്ഷേ ന്യൂയോർക്കുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലാണ് ഈ കൂടിക്കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. - മംദാനി പറഞ്ഞു.
അതേസമയം, മേയർ തെരഞ്ഞെടുപ്പുവേളയിൽ മംദാനിയെ നിശിതമായി വിമർശിച്ചിരുന്ന ട്രംപ് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ പ്രശംസിച്ചു. മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിന്റെ വെല്ലുവിളികളും സാധ്യതകളും മനസിലാക്കിയ നേതാവാണ് മംദാനി. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം കൂടിക്കാഴ്ച നീണ്ടു








0 comments