ബംഗ്ലാദേശ് ഭൂചലനം; ആറു മരണം

ധാക്ക : ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ആറായി. വെള്ളിയാഴ്ചയാണ് ധാക്കയിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി.
ധാക്കയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ നർസിംഗ്ഡിയിൽ രണ്ട് മരണങ്ങളും തുറമുഖ പട്ടണമായ നാരായൺഗഞ്ചിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം കുറഞ്ഞത് 50 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നർസിംഗ്ഡിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. മരിച്ചവരിൽ ഒരു മെഡിക്കൽ വിദ്യാർഥിയും എട്ടു വയസുള്ള പെൺകുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്.
പലയിടങ്ങളിലും ബഹുനിലക്കെട്ടിടങ്ങൾ പൂർണമായി ചരിഞ്ഞു. ഭൂകമ്പം ഉണ്ടായതിന് തൊട്ടുപിന്നാലെ ധാക്കയിലെ ബരിധര പ്രദേശത്തും മുൻഷിഗഞ്ചിന്റെ പ്രാന്തപ്രദേശത്തുള്ള ഗസാരിയ പ്രദേശത്തും രണ്ട് കെട്ടിടങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു.








0 comments