യുവതിയെ ക്രൂരമായി മർദിച്ച സംഭവം
യുവമോർച്ച നേതാവ് ഗോപുവിനെതിരെ മുമ്പും പരാതി: ബിജെപി നേതൃത്വം നടപടിയെടുത്തില്ലെന്ന് മുൻ ഓഫീസ് ജീവനക്കാരി

കൊച്ചി : പങ്കാളിയായ യുവതിയെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ യുവമോർച്ച എറണാകുളം സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെതിരെ ആരോപണവുമായി ബിജെപി മുൻ ഓഫീസ് ജീവനക്കാരി. ഗോപു സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും തന്റെ കയ്യിൽ നിന്ന് പണം തട്ടിയെന്നുമാണ് യുവതിയുടെ ആരോപണം. നേതൃത്വത്തിന് പരാതി നൽകിയിട്ടും ഗോപുവിനെ ബിജെപി സംരക്ഷിച്ചുവെന്നും യുവതി പറയുന്നു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന ഭാരവാഹികൾക്കും വരെ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്നും യുവതി പറയുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വക്കീലിനെ ഏർപ്പാടാക്കി നൽകാമെന്നു പറഞ്ഞാണ് ഗോപു പണം വാങ്ങിയതെന്ന് യുവതി പറഞ്ഞു. എന്നാൽ കേസ് നടപടിയാകാഞ്ഞതിനെത്തുടർന്ന് വക്കീൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഗോപു പണം നൽകിയില്ല എന്ന കാര്യം അറിയുന്നത്. വിവരം ജില്ലാ പ്രസിഡന്റിനെ അറിയിച്ചു. എന്നാൽ ഇതിനെപ്പറ്റി പ്രസിഡന്റ് ഒന്നും അന്വേഷിച്ചില്ല. പരിചയമുള്ള മറ്റ് നേതാക്കളോടും വിഷയം അവതരിപ്പിച്ചു. എന്നാൽ ആരും പ്രതികരിച്ചില്ല. സംഭവം നടന്ന് കുറച്ചുനാളുകൾക്കു ശേഷം എന്റെ ജോലി പോയി. പിന്നീട് എന്നെയും ഭർത്താവിനെപ്പറ്റിയും വളരെ മോശമായ ഭാഷയിൽ പ്രചാരണം നടത്തി- യുവതി പറഞ്ഞു
ചിറ്റൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം ഗോപുവിനെ അറസ്റ്റ് ചെയ്തത്. യുവതിയെ വീട്ടിൽ പൂട്ടിയിട്ട് മൊബൈൽ ചാർജർ കേബിളടക്കം ഉപയോഗിച്ച് മർദിച്ചു. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്. കുറച്ചുവർഷങ്ങളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. യുവതിയെ കാണാനില്ലെന്ന് ഗോപു കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ യുവതി സ്‌റ്റേഷനിലെത്തി മർദനവിവരം വെളിപ്പെടുത്തി പരാതി നൽകുകയായിരുന്നു. വിവാഹമോചിതയും രണ്ടു മക്കളുടെ അമ്മയുമാണിവർ. മർദിക്കുന്നത് പുറത്തുപറഞ്ഞാൽ ഇവരുടെയും മക്കളുടെയും ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഗോപുവിൽനിന്ന് വധഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു. ശരീരത്ത് വിവിധ ഭാഗങ്ങളിൽ മുറിവും അടിയേറ്റ പാടുകളുണ്ട്. അഞ്ചുവർഷമായി തൈക്കൂടത്തെ ഫ്ലാറ്റിലാണ് യുവതി ഗോപുവുമൊത്ത് താമസിച്ചിരുന്നത്. നിസാര കാര്യങ്ങൾ പറഞ്ഞായിരുന്നു ആക്രമണം. വ്യാഴാഴ്‌ചയും മർദിച്ചു. ഇയാളുടെ ഹെൽമെറ്റ് നിലത്തുവച്ചെന്ന് പറഞ്ഞായിരുന്നിത്. ഇതോടെയാണ് യുവതി വീടുവിട്ടിറങ്ങിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് ബന്ധുവിന്റെ വീട്ടിലാണ് അഭയം തേടിയത്.
യുവതിയെ കാണാതായതോടെയാണ് ഗോപു പൊലീസിനെ സമീപിച്ചത്. പൊലീസ് വിളിച്ചപ്പോൾ യുവതിയുടെ ഫോൺ ഓണായിരുന്നു. സ്‌റ്റേഷനിൽ എത്തി യുവതി മർദനവിവരമെല്ലാം പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് പൊലീസ് യുവതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് ഗോപുവിനെ വിളിച്ചുവരുത്തി. യുവതി പരാതിപ്പെട്ടത് ഇയാൾ അറിഞ്ഞിരുന്നില്ല. സ്‌റ്റേഷനിൽ എത്തിയപ്പോൾ ഗോപുവിനെ യുവതിയുടെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ചോദ്യംചെയ്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ബിജെപി ഉന്നതനേതാക്കളുടെ അടുപ്പക്കാരനാണ് ഗോപു. രാഷ്ട്രീയസ്വാധീനം ചൂണ്ടിക്കാട്ടിയും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ബിജെപി സ്ഥാനാർഥികൾക്കായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇയാൾ സജീവമായിരുന്നു. ഗുരുതരമായ വിഷയമായിട്ടുകൂടി ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.








0 comments