ഫാസിൽ വധം
വിചാരണ പൂർത്തിയായി

തൃശൂർ
എസ്‌എഫ്ഐ പ്രവർത്തകൻ ബ്രഹ്മകുളം പുതുവീട്ടിൽ ഫാസിലിനെ (22) ആർഎസ്എസുകാർ കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലായിരുന്നു വിചാരണ. 2013 നവംബർ നാലിന് തൈക്കാട് ബ്രഹ്മകുളത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ഫാസിലിനെ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൈക്കാട് ബ്രഹ്മകുളം ചേറാടി സുമേഷ് (29), വടക്കേതരകത്ത് ആനന്ദൻ (23), ചക്കണ്ട ശിവദാസൻ (24), പുതുമനശേരി ബിനോയ് (31), കോറോട്ട് സുധീഷ് (27), മാടമ്പാറ വിശ്വൻ (28), കൈതക്കാട്ട് വിപിൻദാസ് (26), വിളക്കത്തല ശ്രീകണ്ഠൻ (33), വിളക്കത്തല സുരേഷ് കുമാർ (ശ്രീജിത്ത്, 28), പാണ്ഡാരിക്കൽ കുന്നുമ്മേൽ സനോജ് (26) പട്ടിക്കാട് വിഷ്ണു (സുത്തുമണി, 20), കുരുവള്ളിപ്പറമ്പിൽ പ്രദീപ് (19), മണിയൻതറ നീരജ് (24), എങ്ങടി ശ്രീകുമാർ (20), പുതുമനശേരി ശാന്തീപ് (30) എന്നിവരാണ് പ്രതികൾ. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 38 സാക്ഷികളെ വിസ്തരിച്ചു. 131 രേഖകൾ ഹാജരാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പടെ 22 തൊണ്ടിമുതലുകളും ഹാജരാക്കി. കേസ് അന്വേഷണത്തിനായി അന്നത്തെ സിറ്റി പൊലീസ് മേധാവി പി പ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ സുദർശനാണ് (നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട്) കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ഡി ബാബു ഹാജരായി.









0 comments