ഗുരുവായൂര്‍ അർബൻ ബാങ്കിൽ അഴിമതി

യുഡിഎഫ്‌ ഭരണസമിതിക്കെതിരെ പരാതിയുമായി ഡയറക്ടർമാർ

.....
വെബ് ഡെസ്ക്

Published on Aug 15, 2025, 12:15 AM | 1 min read


ഗുരുവായൂര്‍

കുടിശ്ശികയില്‍ ഇളവ് നല്‍കി വന്‍ അഴിമതി നടത്തുന്നതായി യുഡിഎഫ്‌ ഭരിക്കുന്ന ഗുരുവായൂര്‍ ബാങ്കിനെതിരെ സഹകരണ വകുപ്പിന് കോണ്‍ഗ്രസുകാരായ ഡയറക്ടര്‍മാരുടെ പരാതി. ഗുരുവായൂർ സഹകരണ അർബൻ ബാങ്കിൽ വായ്പ കുടിശിക നിർമാർജനത്തിന്റെ മറവില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംബന്ധിച്ച തീരുമാനങ്ങളിലാണ് വന്‍തോതില്‍ ക്രമക്കേട്‌. ഇളവ് സംമ്പന്ധിച്ച് തങ്ങളുടെ വിയോജിപ്പ് അവഗണിച്ച് തീരുമാനമെടുത്തെന്നും അനര്‍ഹരായവര്‍ക്ക് ഇളവ് നല്‍കിയാല്‍ ബാങ്കിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നും കാണിച്ച് ഡയറക്ടര്‍മാരായ ആന്റോ തോമസ്, അജയകുമാർ, ഷോബി ഫ്രാൻസിസ്, പി പ്രസാദ് പോൾ, കെ ഡി വീരമണി, എ ബി ബിനീഷ് എന്നിവരാണ് പരാതി നൽകിയത്. ​ബാങ്കിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന പോളിസി ഭരണസമിതി അംഗങ്ങളിൽ 6 പേരുടെ വിയോജിപ്പ് അവഗണിച്ചാണെന്നും പരാതിയിലുണ്ട്. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ അനര്‍ഹര്‍ക്ക് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് 2 കോടി 15 ലക്ഷം രൂപ നഷ്ടമായെന്നും പരാതിയിൽ പറയുന്നു. വൻ തോതിൽ കുടിശിക വരുത്തിയവര്‍ക്ക് പേരുമാറ്റി അതേ ആധാരം ഈടായി പുതിയ വായ്പകൾ അനുവദിച്ചതും നഷ്ടവും കുടിശികയും ആവർത്തിക്കാനിടയാക്കി. ഓഫീസ് സെക്ഷൻ നിർദ്ദേശിച്ച ഏറ്റവും കൂടിയ 40 ശതമാനം വരെയുള്ള ഇളവിന് പകരം 80 ശതമാനം വരെ ഇളവ് നൽകുവാനുള്ള ഭരണസമിതി തീരുമാനം ദുരൂഹമാണ്. ബാങ്കിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഭരണസമിതിയുടെ തീരുമാനം റദ്ദ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. ബാങ്ക് വൈസ് ചെയർമാനും ലീഗ് നേതാവുമായ ആർ എ അബൂബക്കറിന്റെ ഇടപെടലുകളെ കുറിച്ചും ബാങ്കിന്റെ ധന ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കമെന്നും പരാതിയില്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home