ഇറിഗേഷൻ കനാൽ ശുചീകരണം മന്ദഗതിയിലെന്ന്

ശാസ്താംകടവ് ഭാഗത്തെ ഇറിഗേഷൻ കനാലിൽനിന്ന് ഡ്രഡ്ജർ ഉപയോഗിച്ച് ചണ്ടി നീക്കുന്നു
അരിമ്പൂർ
അരിമ്പൂർ, ചാഴൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഇറിഗേഷൻ കനാലിൽ നിന്നുള്ള കരുവാലിയും കുളവാഴയും ചണ്ടിയും നീക്കംചെയ്യുന്ന പ്രവൃത്തി മന്ദഗതിയിലെന്ന് ആക്ഷേപം. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം രണ്ട് ദിവസംമുമ്പാണ് ഡ്രഡ്ജർ ഉപയോഗിച്ച് ചണ്ടിയും കുളവാഴയും കരുവാളിയും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചത്. ശാസ്താംകടവ് മുതൽ പുള്ള് പാലം വരെയുള്ള 1500 മീറ്റർ ദൂരത്തിൽ തടസ്സങ്ങൾ നീക്കി ഒഴുക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായി ചാഴൂർ പഞ്ചായത്ത് 1,40,000 രൂപയും അരിമ്പൂർ പഞ്ചായത്ത് ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് 300 മീറ്റർ ദൂരത്തിലുള്ള തടസ്സങ്ങൾ മാത്രമാണ് നീക്കം ചെയ്തതെന്നും ഒരു ഡ്രഡ്ജർ കൂടി ഉപയോഗിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്നും അരിമ്പൂർ പഞ്ചായത്ത് സംയുക്ത കോൾ പാടശേഖര സമിതി ചെയർമാൻ കെ രാഗേഷ് പറഞ്ഞു. പുള്ള് പാലം മുതൽ ഏനാമാക്കൽ ഫേസ് കനാലിന് സമീപത്തെ കോട്ടചാൽ വരെയുള്ള കനാലിലെ തടസ്സങ്ങൾ കൂടി അടിയന്തരമായി നീക്കംചെയ്യാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാഴൂർ, അരിമ്പൂർ പഞ്ചായത്തുകൾ പണം മുടക്കി നടക്കുന്ന ചണ്ടി വാരൽ പ്രവർത്തനങ്ങൾ കേന്ദ്രമന്ത്രിമാരുടെ ഇടപെടലിനെ തുടർന്നാണെന്ന രീതിയിൽ ചിലർ നടത്തുന്ന പ്രചാരണം അപഹാസ്യമാണെന്ന് കൃഷ്ണൻകോട്ട പാടശേഖര സമിതി പ്രസിഡന്റ് ടി വി വിദ്യാധരൻ പറഞ്ഞു.









0 comments