തൃശൂർ അർബൻ ബാങ്ക് നിയമനം
ഹൈക്കോടതി വിധി ലംഘിച്ച്

തൃശൂർ
കോൺഗ്രസ് ഭരിക്കുന്ന തൃശൂർ അർബൻ സഹകരണ ബാങ്കിൽ പുതുതായി നടത്തിയ നിയമനം ഹൈക്കോടതി വിധിക്ക് എതിര്. നിയമനം സംബന്ധിച്ച് പരാതി ലഭിച്ചിരുന്നതായി സഹകരണ വകപ്പ് ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഡബ്ല്യൂപിസി 15779–25, ഡബ്ല്യൂപിസി 17969– 25 വിധി പ്രകാരമുള്ള നിർദേശങ്ങൾക്ക് വിധേയമായി മാത്രമേ നിയമനം നടത്താനാകൂ. ഇതിന് വിരുദ്ധമായ നിയമന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിർത്തിവയ്ക്കാൻ കർശന നിർദേശം നൽകി. പുതിയ നിയമനം ശ്രദ്ധയിൽപ്പെട്ടില്ലെന്നും മറുപടിയിൽ പറയുന്നു. സഹകാരി നടത്തറ സ്വദേശി എം കെ മാത്യുവാണ് വിവരാവകാശപ്രകാരം സഹകരണവകുപ്പിനെ സമീപിച്ചത്. സഹകരണ സംഘം രജിസ്ട്രാറുടെ 2013 ആഗസ്റ്റ് 30ൽ 53– 13 നമ്പർ സർക്കുലറിലെ മാനദണ്ഡങ്ങൾ പ്രകാരം തൃശൂർ അർബൻ ബാങ്കിന്റെ ക്ലാസിഫിക്കേഷൻ പുനർ നിർണയിച്ച ശേഷം മാത്രമേ നിയമനം നടത്താനാകൂവെന്ന് ജോയിന്റ് രജിസ്ട്രാർ നേരത്തെ ഉത്തരവിട്ടിരുന്നു. പുതുക്കിയ ക്ലാസിഫിക്കേഷൻ പ്രകാരം സ്റ്റാഫ് പാറ്റേൺ നിജപ്പെടുത്തി ഒഴിവുകൾ തിട്ടപ്പെടുത്തണം. അതിനുശേഷമേ നിയമനം നടത്താനാകൂ. ഇതു ലംഘിച്ചാണ് പുതിയ നിയമനമെന്ന് ആരോപിച്ച് സഹകാരികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 12 ന് ഹൈക്കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ രണ്ടു വർഷം ബാങ്ക് നഷ്ടത്തിലാണ്. അതിനാൽ റിസർവ് ബാങ്കിന്റെ പിസിഎ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണ പണ്ടലേലത്തിലെ ക്രമക്കേടിൽ ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ടിനെതിരായ വിജിലൻസ് നടപടി ആരംഭിക്കാനിരിക്കുകയാണ്. 27 ന് ചേരുന്ന ബാങ്ക് വാർഷിക പൊതുയോഗത്തിൽ ഇത്തരം വിഷയം സഹകാരികൾ ചർച്ചയാക്കും.









0 comments