ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

ദേശീയപാത 183ലെ മരുതുംമൂട്ടിൽ നിയന്ത്രണംവിട്ട് മറിഞ്ഞ കാർ
എരുമേലി തമിഴ്നാട് സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് പാഞ്ഞ് മതിൽ ഇടിച്ചു തകർത്തു. വാഹനം നിയന്ത്രണം വിട്ടു വരുന്നതു കണ്ട് റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓടി മാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. കുറുവാമുഴി ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം. മതിൽ ഇടിച്ചു തകർത്ത ശേഷം കാർ റോഡിലേക്ക് എത്തി നിൽക്കുകയായിരുന്നു. മുൻവശങ്ങളിലെ ടയറുകൾ പൊട്ടിക്കീറി. ജങ്ഷനിൽ വെളിച്ചമില്ലാത്തത് മൂലം അപകട ഭീതിയിലാണ് ഡ്യൂട്ടി ചെയ്യുന്നതെന്ന് പൊലീസുകാർ പറഞ്ഞു. മുണ്ടക്കയം തീർഥാടക വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുമായി പോയ വാഹനം അര കിലോമീറ്റർ ദൂരത്തിൽ വീണ്ടും അപകടത്തിൽപ്പെട്ടു. ശബരിമല പാതയിൽ മുണ്ടക്കയം അമരാവതിക്ക് സമീപമാണ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ഒമിനി വാൻ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഡ്രൈവറും മുൻ സീറ്റിൽ സഞ്ചരിച്ചിരുന്ന തീർഥാടകനും വാഹനത്തിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തിൽനിന്നും പുറത്തെത്തിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റവരുമായി പോയ കാർ കരിനിലത്തിന് സമീപം തീർഥാടകരുടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാഞ്ഞിരപ്പള്ളി ദേശീയപാതയിൽ രണ്ടിടങ്ങളിലായി ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്ക്. തിങ്കൾ വൈകിട്ട് മൂന്നരയോടെ നിയന്ത്രണം വിട്ടകാർ മരുതുംമൂട് ഗുരുമന്ദിരം ജങ്‌ഷനിൽ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് തെലുങ്കാന സ്വദേശികളായ നാലുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുതുംമൂട്ടിൽ കർണാടക സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റ് മൂന്നു വാഹനങ്ങൾ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.









0 comments