ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം

ഇനിയുണ്ടാകരുത്‌ അനീഷുമാർ

aathmahathya

ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് 
സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രധിഷേധം

വെബ് ഡെസ്ക്

Published on Nov 18, 2025, 01:13 AM | 2 min read

കോട്ടയം ജോലി സമ്മർദത്തെ തുടർന്ന്‌ ബിഎൽഒ അനീഷ്‌ ജോർജ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാരുടെ ജീവിതത്തിന്‌ മുകളിൽ സമ്മർദത്തിന്റെ വാളുയർത്താനുള്ള നടപടികൾക്കെതിരെ ജീവനക്കാരാകെ പ്രതിരോധം തീർത്തു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലിയോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടിവരുന്നത് ബിഎൽഒമാരെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണെന്ന്‌ ജീവനക്കാർ പറഞ്ഞു. കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിനെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ബിഎൽഒമാർ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. ഒപ്പം ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. കലക്ടറേറ്റിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനംചെയ്തു. സമരസമിതി നേതാവ് എസ് പി സുമോദ് അധ്യക്ഷനായി. കെജിഒഎഫ് ജില്ലാ ട്രഷറർ എം ഇ കണ്ണൻ, ആക്ഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ഷൈൻ എന്നിവർ സംസാരിച്ചു. ​ഇല്ലാതാകുന്നത്‌ 
ഞങ്ങളുടെ ജീവിതം ‘വോട്ടർപ്പട്ടിക തീവ്ര പുനപരിശോധന ആദ്യം ആര്‌ പൂർത്തിയാക്കുമെന്ന്‌ ജില്ലാ കലക്ടർമാർ ഒരു മത്സരമുണ്ടെന്ന്‌ തോന്നുന്നു. ആദ്യം പൂർത്തിയാക്കാൻ വേണ്ടിയുള്ള മത്സരത്തിൽ ഇല്ലാതാകുന്നത്‌ ഞങ്ങളുടെ ജീവിതമാണ്‌’– കോട്ടയം പിഡബ്ല്യുഡി ഓഫീസിലെ ഉദ്യോഗസ്ഥനായ ബിഎൽഓയുടെ വാക്കുകൾ. ഓരോ ദിവസവും ചുരുങ്ങിയത്‌ 150 ഫോം എങ്കിലും വിതരണം ചെയ്യണമെന്നാണ്‌ ആജ്ഞാപിക്കുന്നത്‌. അതില്ലെങ്കിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തലാണ്‌. ഒരു വീട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ച്‌ കൊടുക്കണമെങ്കിൽ ചുരുങ്ങിയത്‌ 20 മിനിറ്റ്‌ വേണം. അത്‌ എങ്ങനെ നടക്കുമെന്നാണ്‌ ഇവർ പറയുന്നത്‌. സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും ഫ‍ീൽഡിലായതിനാൽ സർക്കാരിന്റെ പ്രവർത്തനങ്ങളും നടത്താൻ പറ്റാത്ത സാഹചര്യമാണ്’– അദ്ദേഹം പറഞ്ഞു. ​മനസമാധാനം 
നഷ്ടപ്പെട്ടു ‘വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട ജോലി ആരംഭിച്ചത്‌ മുതൽ മനസമാധാനം നഷ്‌ടപ്പെട്ടു. രാവിലെ ഒമ്പത്‌ മുതൽ തുടങ്ങുന്ന ജോലി അവസാനിക്കുന്നത്‌ രാത്രി പത്തോടെയാണ്‌. ഞായറാഴ്ച വരെ ജോലി എടുക്കേണ്ട സാഹചര്യം. വ്യക്തിപരമായി ഒരു കാര്യം പോലും ചെയ്യാൻ പറ്റുന്നില്ല’– ചങ്ങനാശേരി സ്വദേശിയായ അങ്കണവാടി വർക്കർ പറഞ്ഞു. എസ്ഐആറിന്റെ ഭാഗമായി ബിഎൽഒയുടെ ചുമതല മാത്രമെടുത്താൽ മതിയെന്നാണ്‌ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അങ്കണവാടികളിലെ കാര്യം പൂർണമായി ഒഴിവാക്കാൻ പറ്റില്ലല്ലോ. അതുപോലും നോക്കാൻ പറ്റാത്ത സാഹചര്യമാണ്‌’– അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home