വിയർപ്പിന്റെ വിലയാണ് അജിത്തിന്റെ ഡോക്ടറേറ്റ്

അജിത്
സ്വന്തം ലേഖിക
Published on Nov 11, 2025, 12:45 AM | 1 min read
തൃശൂര്‍
വര്‍ക്ക്ഷോപ്പ് സഹായി.. വെല്‍ഡര്‍... ഡ്രൈവര്‍... പുസ്തക വില്‍പ്പനക്കാരന്‍... മുടങ്ങിപ്പോയ പഠനം തിരിച്ചുപിടിച്ച് മുന്നേറാന്‍ അജിത് ചെയ്ത ജോലികള്‍ നിരവധി. വിവിധ ജോലികള്‍ ചെയ്യുമ്പോഴും അജിത്തിന് ലക്ഷ്യം ഒന്നേ ഉണ്ടായിരൂന്നൂള്ളൂ, പഠിക്കണം. ലക്ഷ്യമുറപ്പിച്ച് മുന്നോട്ട് പോയ അജിത്ത് ഇപ്പോഴിതാ, ഡോക്ടറേറ്റും സ്വന്തമാക്കി. 2004ലാണ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന അരവിന്ദാക്ഷന്റെയും ശാന്തയുടെയും മകന്‍ ഇ എ അജിത് കേരളവര്‍മ കോളേജില്‍ ബിഎസ്‌സി സ്റ്റാറ്റിസ്‌റ്റിക്സിന് ചേര്‍ന്നത്. രണ്ടാം വര്‍ഷം മാഗസിന്‍ എഡിറ്ററായി. മൂന്നാംവര്‍ഷം ആര്‍ട്സ് സെക്രട്ടറിയായി. എന്നാല്‍, വേണ്ടത്ര ഹാജരില്ലാത്തതിനാല്‍ ഫൈനല്‍ പരീക്ഷയെഴുതാനായില്ല. അതോടെ വര്‍ക്ക് ഷോപ്പില്‍ സഹായിയായി. പിന്നീട് വെല്‍ഡിങ് പണിക്കാരനായി. അപ്പോഴേക്കും തുടര്‍ന്ന് പഠിക്കണമെന്ന മോഹം അജിത്തില്‍ ശക്തമായി. അതോടെ കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബി എ പൊളിറ്റിക്സിന് രജിസ്റ്റര്‍ ചെയ്തു. 2010ല്‍ കേരളവര്‍മയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പുസ്തകം വിറ്റാണ് പഠനത്തിനുള്ള തുക കണ്ടെത്തിയത്. അന്നത്തെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവി സി ആര്‍ പ്രമോദിന്റെ നിര്‍ദേശപ്രകാരം ജെഎന്‍യുവില്‍ എംഫില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷയെഴുതി. ഒന്നാം റാങ്കോടെ പഠനം ആരംഭിച്ചു. ജെഎന്‍യുവിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സെന്റര്‍ ഫോര്‍ അമേരിക്കാസില്‍ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാനഡയുടെ പൊതുജനാരോഗ്യത്തെക്കുറിച്ചായിരുന്നു ഗവേഷണം. കഴിഞ്ഞമാസം 14ന് ഡോക്ടറേറ്റ് അജിത്തിന്റെ കൈകളിലെത്തി. കിലയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്(കരാര്‍) അജിത്. മച്ചാട് ഗവ. എച്ച്എസ്എസിലെ താല്‍ക്കാലിക അധ്യാപിക അശ്വതിയാണ് ജീവിത പങ്കാളി. സിപിഐ എം വെളപ്പായ ബ്രാഞ്ചംഗമാണ്.









0 comments