കുമ്മാട്ടി ഉത്സവത്തിന് ഒരുങ്ങി ഉൗരകം

ഊരകം കുമ്മാട്ടി മഹോത്സവത്തിന് തയ്യാറാക്കിയ കുമ്മാട്ടി മുഖങ്ങളുമായി കുട്ടികൾ
ചേർപ്പ്
രണ്ടു മാസത്തോളമായി നടത്തിയ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കുമ്മാട്ടി ഉത്സവത്തിന് ഒരുങ്ങി ഊരകം ദേശക്കാർ. 8ന് നാലോണ നാളിൽ ഊരകത്തെ തെരുവീഥികൾ കുമ്മാട്ടിക്കൂട്ടങ്ങൾ കൈയടക്കുമ്പോൾ അതിൽ ഏറ്റവും മികച്ചത് തങ്ങളുടേതാകണം എന്ന വാശിയിലാണ് വിവിധ സംഘങ്ങളുടെ ഒരുക്കങ്ങൾ. കുമ്മാട്ടിയെ അലങ്കരിക്കാനുള്ള വിവിധതരം ഇലകൾ വയനാട്, അട്ടപ്പാടി, മൂന്നാർ എന്നിവിടങ്ങളിൽ നിന്നും കൂടാതെ പ്രാദേശികമായും ശേഖരിച്ചു. കുമ്മാട്ടിയ്ക്ക് അണിയാനുള്ള പലവിധ മുഖങ്ങളും സജ്ജമായി. നിലവിലുള്ളതിന് പുറമെ ഓരോതവണയും പുതുമയുള്ള കുമ്മാട്ടി മുഖങ്ങൾ ഉണ്ടാക്കും. പ്രത്യേക മരങ്ങളിൽ ചില മുഖങ്ങൾ നിർമിക്കാൻ ലക്ഷങ്ങൾ ചെലവ് വരാറുണ്ടെന്ന് സംഘാടകർ പറയുന്നു. ഏറ്റവും വലിപ്പം കൂടിയത് എന്നവകാശപ്പെട്ട് ഒരു സമിതി ഇറക്കുന്ന ത്രിമൂർത്തികളുടെ കുമ്മാട്ടി മുഖത്തിന് രണ്ട് ലക്ഷത്തോളമാണ് ചെലവ്. കുമിഴ് മരത്തിൽ നിർമിച്ച നാലടി ഉയരവും 2 അടി വീതിയുമുള്ള യമധർമ മുഖമാണ് ഇത്തവണ മറ്റൊരു സംഘം പുതുതായി പ്രദർശിപ്പിക്കുന്നത്. കൗതുകമുണർത്തുന്ന പല മുഖരൂപങ്ങളും ഉത്സവദിവസം മാത്രമാണ് പ്രദർശിപ്പിക്കുക. പുരാണ കഥാപാത്രങ്ങളുടെ മുഖങ്ങളാണ് ഭൂരിഭാഗവും ഉണ്ടാക്കുന്നത്. എട്ട് ടീമുകളിലായി ഇരുനൂറോളം കുമ്മാട്ടികൾ ഉണ്ടാകും. കൂടാതെ വിവിധ വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളും കൂറ്റൻ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. 7ന് ഉച്ചയോടെ വിവിധ ഭാഗങ്ങളിൽ നിന്നായി കുമ്മാട്ടിക്കളി ആരംഭിക്കും. പിന്നീട് ഈ ടീമുകൾ ഊരകം സെന്ററിലെത്തി അമ്മ തിരുവടി ക്ഷേത്രം വലംവെച്ച് രാത്രി പത്തോടെ മമ്പിള്ളി ക്ഷേത്ര സന്നിധിയിൽ സമാപിക്കും. കിടക്കുമുറി ഓണാഘോഷ കമ്മിറ്റി, അമ്പലനട, തെക്കുമുറി, യുവജന, പികെഎസ്, ചിറ്റേങ്ങര, കൊറ്റംകുളങ്ങര, കിസാൻ കോർണർ, കലാസമിതി എന്നീ ടീമുകളാണ് കുമ്മാട്ടിക്കളിയിൽ പങ്കെടുക്കുന്നത്.









0 comments