ഐഎൻടിയുസി ജനറൽ കൗൺസിൽ
ഡിസിസി പ്രസിഡന്റ് പ്രതിഷേധിച്ചു; വി ഡി സതീശൻ മടങ്ങി

തൃശൂർ
ഐഎൻടിയുസി ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യാൻ തൃശൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ പ്രതിഷേധത്തെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങി. ഐഎൻടിയുസി ചടങ്ങിലേക്ക് ഡിസിസി പ്രസിഡന്റിനെ ക്ഷണിക്കാത്തതാണ് തർക്കത്തിനിടയാക്കിയത്. സതീശന്റെ നടപടിയെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും ടാജറ്റിനെതിരെ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിയും പൊതുവേദിയിൽ തുറന്നടിച്ചു. വ്യാഴാഴ്‌ച ടൗൺഹാളിലായിരുന്നു ഐൻടിയുസി ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ കൗൺസിലും എം മാധവൻ അനുസ്‌മരണവും സംഘടിപ്പിച്ചത്. ചടങ്ങിനായി തൃശൂരിലെത്തിയ സതീശൻ പരിപാടിയിൽനിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎന്‍ടിയുസിയുടെ അധ്വാന ഫലമാണ് പാര്‍ടി അനുഭവിക്കുന്നത്. ഐഎന്‍ടിയുസിയുടെ സംഘടനാരീതി പിന്തുടരാന്‍ പാടില്ലെന്ന് പറയാന്‍ ആർക്കും സാധിക്കില്ല. തൃശൂരിൽ നടന്ന ഐഎൻടിയുസി സമ്മേളനത്തിൽ കെ സി വേണുഗോപാലിനെ വിലക്കാൻ നേരത്തേ ശ്രമിച്ചതായും ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തിൽ ടാജറ്റിനെതിരെ സുന്ദരൻ കുന്നത്തുള്ളി കടുത്ത വിമർശമുയർത്തി. ‘തൊഴിലാളി പ്രശ്‌നങ്ങൾ കേൾക്കാനെത്തുന്ന നേതാക്കളെ മുടക്കുന്നത്, പാർടിക്ക് എത്ര ഗുണം ചെയ്യുമെന്ന് കരുണാകരൻ സപ്‌തതി മന്ദിരത്തിൽ ഇരിക്കുന്ന ഡിസിസി പ്രസിഡന്റ് ഓർക്കുന്നത് നല്ലതാണെന്നായിരുന്നു സുന്ദരൻ കുന്നത്തുള്ളിയുടെ വിമർശം. ഒല്ലൂരിൽ മെയ്‌ദിനറാലിക്ക് ടാജറ്റിനെ ക്ഷണിച്ചിരുന്നെങ്കിലും ഉദ്‌ഘാടകനാക്കിയില്ലെന്ന് പറഞ്ഞ് പങ്കെടുത്തില്ല. ഫോട്ടോവച്ചില്ലെന്ന പേരിൽ രമേശ് ചെന്നിത്തല പങ്കെടുത്ത ഐഎൻടിയുസി സമ്പൂർണ സമ്മേളനത്തിലും ടാജറ്റ് പങ്കെടുത്തിരുന്നില്ലെന്ന് വിമർശം ഉയർന്നു.









0 comments